ഷാജ് കിരണിന്‍റെയും സ്വപ്ന സുരേഷിന്‍റെയും വെളിപ്പെടുത്തലിനെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്.

തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി.

സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തൽ, ഗൂഢാലോചന, മാനനഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി.

ഷാജ് കിരണിനെയും സ്വപ്ന സുരേഷിനേയും പ്രതി ചേർത്താണ് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം.

ഇക്കാര്യത്തിൽ പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം.

സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.

എന്നാൽ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *