രാഷ്ട്രീയ അഭിപ്രായങ്ങള്‍ മ്ലേച്ഛമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നത് ലജ്ജാകരവും ദുഃഖകരവുമാണെന്ന് കെവി തോമസ്.
കഠിനാധ്വാനവും, കഴിവും കൊണ്ടാണ് തനിക്ക് സ്ഥാനമാനങ്ങള്‍ കിട്ടിയിട്ടുള്ളത്. അതില്‍ അസൂയയും, ഭയപ്പാടുള്ള ചില കോണ്‍ഗ്രസുകാരാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള സഭ്യവര്ഷത്തിന് നേതൃത്വം കൊടുക്കുന്നതെന്ന കാര്യം വളരെ വ്യക്തമായിട്ട് തനിക്ക് അറിയാമെന്നും കെവി തോമസ് വ്യക്തമാക്കി.
കെവി തോമസ് പറഞ്ഞത്: ‘കളിനറി’ കോഴ്സ് പാസായതിനുശേഷം ദുബായ് ടാജ് ഹോട്ടലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന എന്റെ കൊച്ചുമകളും എന്റെ മകനും കൂടി ഒന്നിച്ചു നില്ക്കുന്ന ഒരു ഫോട്ടോ ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു കുടുംബനാഥനെന്ന നിലയില്‍ മക്കളുടെയും കൊച്ചുമക്കളുടെയും വളര്‍ച്ചയില്‍ എല്ലാവര്‍ക്കുമെന്ന പോലെ എനിക്കുമുണ്ടായ സന്തോഷമാണ് ഞാന്‍ പങ്കു വെച്ചത്. അതിന് ധാരാളം ആളുകള്‍ അഭിനന്ദിച്ചും ചിലയാളുകള്‍ അസഭ്യം പറഞ്ഞും പ്രതികരിച്ചു.
എന്നോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മനസ്സിലാക്കാന്‍ കഴിവുള്ളയാളാണ് ഞാന്‍. അത്തരം കാര്യങ്ങള്‍ പലപ്പോഴായി ചര്‍ച്ച ചെയ്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വളരെ മ്ലേച്ഛമായ ഭാഷയില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാരുള്‍പ്പെടെയുള്ളവര്‍ പ്രകടിപ്പിക്കുന്നത് തികച്ചും ലജ്ജാകരവും ദു:ഖകരവുമാണ്.
2001 ല്‍ ഞാന്‍ എറണാകുളത്ത് അസംബ്ലി സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ആ സ്ഥാനം മോഹിച്ചിരുന്നവരാണ് അന്ന് തിരുത മീനുമായി പ്രകടനം നടത്തിയത്. പക്ഷെ ഞാന്‍ അതിനൊന്നും പ്രതികരിച്ചിട്ടില്ല. അവര്‍ അവരുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോയിരുന്നു. എന്നാല്‍ ‘മുക്കുവ കുടില്‍’ പ്രയോഗം വന്നപ്പോള്‍ അത് ഒരു സമൂഹത്തെയാണ് വേദനിപ്പിക്കുന്നതെന്ന് അറിഞ്ഞാണ് ഞാന്‍ പ്രതികരിച്ചത്.
എന്റെ മൂന്ന് മക്കളും കൊച്ചു മക്കളും കഠിനാധ്വാനത്തിലൂടെയാണ് പഠിച്ച് സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരായത്. എന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നെന്ന പ്രചരണം നടത്തിയപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാണ് എന്റെ മക്കള്‍ക്ക് ആര്‍ക്കും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശവും താല്പര്യവും ഇല്ലെന്ന്. എന്നിട്ടും വിമര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
എല്ലാ സംസ്ക്കാരങ്ങളും മര്യാദകളും വിട്ടുകൊണ്ട് പുലഭ്യം പറയുന്ന ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഇതൊന്നും ഇവിടെ വേവില്ല. എന്റെ കഠിനാധ്വാനവും, കഴിവും കൊണ്ടാണ് എനിക്ക് സ്ഥാനമാനങ്ങള്‍ കിട്ടിയിട്ടുള്ളത്. അതില്‍ അസൂയയും, ഭയപ്പാടുള്ള ചില കോണ്‍ഗ്രസ്സുകാരാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള ഈ അസഭ്യവര്‍ഷത്തിന് നേതൃത്വം കൊടുക്കുന്നതെന്ന കാര്യം വളരെ വ്യക്തമായിട്ടെനിക്കറിയാം. നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. വര്‍ഗീയതയെ താലോലിക്കുന്ന ബിജെപിയെ എതിര്‍ക്കുന്നതിനുപകരം, സങ്കുചിതമായ കാഴ്ചപ്പാടോടുകൂടി കേരള രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പരസ്പരം എറ്റുമുട്ടുന്നത് ബിജെപിക്ക് മാത്രമെ ഗുണം ചെയ്യൂവെന്ന കാര്യം ഈ പുലഭ്യം പറയുന്ന കോണ്ഗ്രസ്സുകാര് ചിന്തിക്കണം.
