യുവതിയുടെ സ്തനവും നാവും മുറിച്ചു, സ്വകാര്യഭാഗത്തിലൂടെ ഗര്‍ഭപാത്രം പുറത്തെടുത്തു’; മന്ത്രവാദത്തിന്റെ പേരില്‍ 26കാരിയെ ബലിയറുത്തതായി ആരോപണം

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ സഹോദരിയും സഹോദരനും ബലിയറുത്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. പിന്നീട് മൃതദേഹം കത്തിച്ചുവെന്നാണ് ആരോപണം. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടന്‍ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗര്‍വാ നഗരത്തിലെ വാര്‍ഡ് നമ്ബര്‍ ആറിലെ ഒറോണ്‍ തോലയില്‍ താമസിക്കുന്ന ഗുഡിയ ദേവി (26) യാണ് മരിച്ചത്.

മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. പിന്നീട് ഗര്‍ഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാര്‍ന്നാണ് മരിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച മാത്രമാണ് ഇക്കാര്യം പൊലീസിന് മുന്നിലെത്തിയത്.

സംഭവത്തെക്കുറിച്ച്‌ ഭര്‍ത്താവ് പറയുന്നതിങ്ങനെ: ഭാര്യാസഹോദരനും സഹോദരിയും ഒരാഴ്ച മുമ്ബ് തന്റെ അയല്‍വാസിയായ രാംശരണ്‍ ഒറോണ്‍ എന്ന മന്ത്രവാദിയുടെ വീട്ടില്‍ വന്നിരുന്നു. ഇതിനിടയില്‍ ഇവര്‍ ഭാര്യയെ ഒറാണിന്റെ വീട്ടിലേക്ക് മന്ത്രത്തിനായി വിളിച്ചുവരുത്തി. മൂന്നുനാലു ദിവസം തുടര്‍ചയായി തന്ത്രമന്ത്രങ്ങള്‍ നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച്‌ ഇവര്‍ ഗുഡിയ ദേവിയുടെ നാവും സ്തനവും വെട്ടിമുറിച്ചു. ഗര്‍ഭപാത്രവും കുടലും കൂടി സ്വകാര്യഭാഗത്തിലൂടെ പുറത്തെടുത്തു. അതിനുശേഷം ഭാര്യ വേദനകൊണ്ട് പുളഞ്ഞു മരിച്ചു. മരണശേഷം സഹോദരിയും മറ്റുള്ളവരും മൃതദേഹം മാതൃസഹോദരന്‍ രങ്കയുടെ അടുത്തേക്ക് കൊണ്ടുപോയി മൃതദേഹം അവിടെ ദഹിപ്പിച്ചു’.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് യോഗേന്ദ്ര കുമാര്‍ ഞായറാഴ്ച ഒറോണ്‍ തോലയിലെത്തി വിഷയം അന്വേഷിച്ചു. യുവതി കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *