വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റ ഓഫീസ് ആക്രമിച്ചപ്പോള്‍ അതിനുള്ളിലെ ഗാന്ധി ചിത്രം താഴെ ഇട്ടത്തില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്.
സംഭവശേഷം എടുത്ത ചിത്രങ്ങളെയും ദൃശ്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.
ഓഫീസ് ആക്രമിച്ചു എസ് എഫ് ഐക്കാര്‍ മടങ്ങിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫറും മാധ്യമങ്ങളും എടുത്ത ആദ്യ ദൃശ്യങ്ങളില്‍ ചുമരില്‍ ഗാന്ധി ചിത്രവും മേശപ്പുറത്ത് ഫയലുകളും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തി കഴിഞ്ഞു എടുത്ത ചിത്രങ്ങളില്‍ ഗാന്ധി ചിത്രം നിലത്തും ഫയലുകള്‍ വലിച്ചു വാരി ഇട്ട നിലയിലുമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.
ഓഫിസ് ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ചിത്രങ്ങളുമാണ് റിപ്പോര്‍ട്ടില്‍ പ്രധാന തെളിവായി പറഞ്ഞിരിക്കുന്നത്. സമരത്തിന് ശേഷം എസ് എഫ് ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പൊലീസ് ഫോട്ടോഗ്രാഫര്‍ നാല് മാണിയോടെ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ട്. പിന്നീട് താഴേക്ക് പോയ ഫോട്ടോഗ്രാഫര്‍ തിരികെ എത്തുന്നത് നാലരയ്ക്ക് ആണ്. ആ സമയം ഓഫിസിനുള്ളില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫിസ് ഫയലുകള്‍ വലിച്ചെറിഞ്ഞ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.
നേരത്തെ എസ് എഫ് ഐ ഗാന്ധി ചിത്രം തകര്‍ത്തെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. അതേസമയം, നേരത്തെ തന്നെ എസ് എഫ് ഐക്കാര്‍ പോയ ശേഷമാണ് ഗാന്ധിചിത്രം തകര്‍ത്തെന്നും ഗാന്ധി ചിത്രം തകര്‍ത്തവര്‍ ഗാന്ധി ഗാന്ധി ശിഷ്യര്‍ തന്നെയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആരുടെ കുബുദ്ധിയാണ് ഇതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഇന്നലെ എസ്‌എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് എസ്‌എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷമായിരുന്നു നടപടി.
ദേശീയ തലത്തില്‍ തന്നെ എംപി ഓഫീസാക്രമണം ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എല്‍ദോസാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍. സംഭവത്തില്‍ തുടര്‍ നടപടികള്‍ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും സ്വീകരിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
