17 പേര്‍ക്കെതിരേ കേസ്

കാലടി: കാലടി ഗ്രാമപഞ്ചായത്ത് തെരുവുനായ ഉന്മൂല സംഘവുമായി ചേര്‍ന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 17 മെമ്പര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ പഞ്ചായത്തിലെ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഉന്മൂല സംഘാംഗങ്ങളാണ് കുടുക്കിട്ട് നായ്ക്കളെ പിടിച്ച് കൊന്നത്. സോഫിയ സുര്‍ജിത്ത്, ഫിലോമിന എന്നിവരുടെ നേതൃത്വത്തില്‍ ആറു പേരാണ് നായ ഉന്മൂല സംഘത്തിലുണ്ടായിരുന്നത്. കൊന്ന 22 നായ്ക്കളെ പഞ്ചായത്ത് സ്ഥലത്ത് ജെസിബി ഉപയോഗിച്ച് ആഴത്തിലുളള കുഴിയെടുത്തതിനു ശേഷം മറവു ചെയ്തു.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നായ്ക്കളുടെ ശല്യം രുക്ഷമാകുകയും ജനങ്ങളുടെ ജീവനു ഭീഷണിയാവുകയും ചെയ്തിരുന്നു. സംസ്‌കൃത സര്‍വകലാശാല പോലുളള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും പഞ്ചായത്തിനു പരാതികളും ലഭിച്ചിരുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പരാതികള്‍ ഉയരുകയും പരാതികളുടെ എണ്ണം വര്‍ധിച്ചതോടെയുമാണ് ആക്രമണകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യുവാന്‍ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്.

കമ്മിറ്റി തീരുമാനം നടപ്പിലാക്കിയതോടെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും പഞ്ചായത്തിന്റെ തെരുവുനായ് ഉന്മുല പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണയാണ് ലഭിച്ചതെന്ന് വൈസ് പ്രസിഡന്റ് ബിജു പരമേശ്വരന്‍ പറഞ്ഞു. ജനങ്ങളുടെ പിന്തുണയും സഹകരണവും ഉണ്ടായാല്‍ തെരുവുനായ ഉന്മൂല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *