ഗോഹട്ടി: ആര്‍എസ്എസിനെതിരായ തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും തനിക്കെതിരേ ആര്‍എസ്എസുകാര്‍ പരാതി നല്‍കിയാല്‍ നിലപാട് മാറ്റാന്‍ കഴിയുമോ എന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഗോഹട്ടി കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുത്ത ശേഷമാണ് രാഹുല്‍ വീണ്ടും വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
നിങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്നത്ര കേസുകള്‍ നിങ്ങള്‍ കൊടുക്കു, നേരിടാന്‍ എനിക്ക് സന്തോഷമേയുള്ളൂ എന്നാണ് രാഹുല്‍ പറഞ്ഞത്. ആസാമിലെ ബാര്‍പേറ്റയില്‍ 16–ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആശ്രമത്തില്‍ തന്നെ കയറ്റാന്‍ ആര്‍എസ്എസ് അനുവദിച്ചില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരേയായിരുന്നു പ്രവര്‍ത്തകന്റെ മാനനഷ്ടക്കേസ്. കേസില്‍ രാഹുലിന് കോടതി സമന്‍സ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം നേരിട്ടെത്തി ഹാജരായി ജാമ്യമെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന റോഡ് ഷോയ്ക്കിടെയാണ് രാഹുല്‍ കോടതിയില്‍ ഹാജരാകാന്‍ ഗോഹട്ടിയില്‍ എത്തിയത്.
