ഹൃദ്രോഗം പ്രതിരോധിക്കാം. ഡോ. അനീസ് താജുദ്ധീന്‍

ദോഹ. ശാരീരിക വ്യായാമം കുറഞ്ഞതും കലോറി കൂടിയ ആഹാരങ്ങളുടെ ഉപഭോഗം കൂടിയതുമാണ് ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണമെന്ന്് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഹാര്‍ട്ട് ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് ഡോ. അനീസ് താജുദ്ധീന്‍ അഭിപ്രായപ്പെട്ടു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്് മീഡിയ പഌ്, ഫ്രന്റ്‌സ് കല്‍ചറല്‍ സെന്റര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയ ധമനികളിലോ ഭിത്തികളിലോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ പരിഹരിക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍ ഹൃദയത്തിന്റെ സംരക്ഷണം ഏറെ പ്രധാനമാണ്. പുകവലി, പ്രമേഹം, കൊഴുപ്പ്, രക്തസമ്മര്‍ദ്ദം തുടങ്ങിയവയാണ് ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍.
ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കര്‍മോല്‍സകരാവുക, രക്തസമ്മര്‍ദ്ധം, കൊഴുപ്പ്, പ്രമേഹം എന്നിവ നിയന്ത്രിക്കുക, ശരീര ഭാരം ആനുപാതികമായി നിലനിര്‍ത്തുക, മാനസിക സമ്മര്‍ദ്ധം, കോപം മുതലായവ ലഘൂകരിക്കുക , പുകവലി നിര്‍ത്തുക, മദ്യപാനം വര്‍ജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും ഈ വിഷയത്തില്‍ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പൂര്‍ണമായ ജീവിതരീതി, ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വര്‍ജ്ജിക്കുക, ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക, നല്ല പോഷണം ,ദുര്‍മ്മേദസ്സ് ഒഴിവാക്കല്‍ ,പതിവായി വ്യായാമം ചെയ്യല്‍ എന്നിവയാണ് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായിട്ടുള്ളത്. ഈ നിലക്ക് ചിന്തിക്കുവാന്‍ ഇത്തരം ദിനങ്ങള്‍ നമ്മെ പ്രേരിപ്പിക്കണം.

കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ് മലയാളികള്‍. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്? വായക്ക് രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്ട്. മിതത്വം പാലിക്കുകയും പഴങ്ങളും പച്ചക്കറികളും ഇലയാഹാരങ്ങളുമൊക്കെ ഉള്‍പ്പെടുത്തുകയും ചെയ്യുക. വെള്ളത്തിനും ഭക്ഷണത്തിനും ദഹന പ്രക്രിയക്കുമൊക്കെ സൗകര്യപ്രദമായ അളവില്‍ ആഹാരം ശീലമാക്കുന്നത് ഏറെ ഗുണകരമാകും, അദ്ദേഹം പറഞ്ഞു.
ഓരോരുത്തരും തങ്ങള്‍ക്ക് ആവശ്യമുള്ള കലോറി ആഹാരം കഴിക്കുകയും നിത്യവും കുറച്ച് സമയമെങ്കിലും ശാരീരിക വ്യായാമത്തിന്നായി നീക്കിവെക്കുകയും ചെയ്താല്‍ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ് മാന്‍ കിഴിശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയുമെന്നും പ്രസംഗകര്‍ ഓര്‍മ്മപ്പെടുത്തി. . വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നല്‍കുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികള്‍ ഇന്നു നന്നേ വിരളമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ നമ്മെ അലസരും സുഖിയന്മാരുമാക്കിയിരിക്കുന്നു. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. ഹൃദയത്തിനോ, ശ്വാസകോശങ്ങള്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കില്‍ കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തില്‍ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിള്‍ ചവിട്ടുക, ഡാന്‍സ് ചെയ്യുക തുടങ്ങിയവയില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാം. കൃത്യമായി വ്യായാമ മുറകള്‍ അരമണിക്കൂറെങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താതിരുന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സെമിനാര്‍ മുന്നറിയിപ്പ് നല്‍കി.

മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ലോകത്ത് വര്‍ഷം തോറും പതിനേഴര മില്ല്യനാളുകളാണ് ഹൃദ്രോഗം മൂലം മരണപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും മൂന്നാം ലോക രാജ്യങ്ങളിലാണ്. ഇവയില്‍ 80 ശതമാനവും ആവശ്മായ മുന്‍കരുതലുകളെടുത്താല്‍ പ്രതിരോധിക്കാനാകുമെന്നത് ബോധവല്‍ക്കരണരണത്തിന്റെ പ്രാധാന്യമാണ് അടിവരയിടുന്നതെന്നും ഈ രംഗത്ത് ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ ചില്ലി റസ്റ്റോറന്റ് ഫിനാന്‍സ് മാനേജര്‍ അബ്ബാസ് ഊലിക്കര, ക്വാളിറ്റി ലാബ് ഫിനാന്‍സ് മാനേജര്‍ ജോബി മാത്യൂ, അക്കോണ്‍ ട്രാവല്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാര്‍, രാഹുല്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു. റഫീഖ് മേച്ചേരി നന്ദി പറഞ്ഞു.

ഫോട്ടോ. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്് മീഡിയ പഌും ഫ്രന്റ്‌സ് കള്‍ചറും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഹാര്‍ട്ട് ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് ഡോ. അനീസ് താജുദ്ധീന്‍ സംസാരിക്കുന്നു.
സദസ്സ്

Leave a Reply

Your email address will not be published. Required fields are marked *