ന്യൂഡല്‍ഹി: പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി ഇന്ത്യ. ഇന്ത്യ മറ്റൊരു രാജ്യത്തെയും പ്രകോപിപ്പിക്കാറില്ലെന്നും, രാജ്യം ആദ്യം മറ്റൊരു രാജ്യത്തെയും ആക്രമിച്ച ചരിത്രമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മോദി ഇങ്ങനെ പറഞ്ഞത്. നുഴഞ്ഞുകയറ്റ ശ്രമങ്ങളുള്‍പ്പെടെയുള്ള പാക് നടപടികളെയും ഉറി ആക്രമണത്തെയുമൊക്കെ ഉന്നം വച്ചാണ് മോദി ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് സൂചന. ആയിര കണക്കിനു ഇന്ത്യാക്കാരുടെ ജീവന് നഷ്ടപ്പെട്ട ഒന്നാം ലോക മഹായുദ്ധ സമയത്തു പോലും രാജ്യം സംയമനം പാലിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉറി ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി, പരോക്ഷമായിട്ടെങ്കിലും പാക്കിസ്ഥാനെ കുറ്റപ്പെടുത്തി രംഗത്തു വരുന്നത്.
