പോക്സോ പ്രതി കെ.വി ശശികുമാര്‍ രാജിവെച്ച സീറ്റില്‍ എല്‍.ഡി.എഫിന് ജയം

മലപ്പുറം: പോക്സോ കേസ് പ്രതി കെ.വി.ശശികുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം നഗരസഭ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം.

മലപ്പുറം നഗരസഭ മൂന്നാംപടി ഡിവിഷനിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത്. 71 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ കെ.വിജയലക്ഷ്മിയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത്.

മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരുന്ന കെ.വി ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമത്തില്‍ ശശികുമാര്‍ പങ്കുവെച്ച പോസ്റ്റിന്റെ തുടര്‍ച്ചയായാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി മീ ടു ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടിനിടെ ഒട്ടേറെ വിദ്യാര്‍ഥികളെ അധ്യാപകന്‍ കെ.വി ശശികുമാര്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാര്‍ഥജനികള്‍ പരാതി നല്‍കിയത്. പതിറ്റാണ്ടുകളായി പരാതി അറിയിച്ചിട്ടും മാനേജ്‌മെന്റ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപവുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു.

തുടര്‍ച്ചയായി മൂന്ന് തവണ സി.പി.എം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശികുമാര്‍ 11ാം വാര്‍ഡ് മൂന്നാംപടിയില്‍ നിന്നുള്ള നഗരസഭാംഗമായിരുന്നു. പീഡന പരാതികള്‍ ഉയര്‍ന്നതോടെ പാര്‍ട്ടി നിര്‍ദേശ പ്രകാരം നഗരസഭാഗത്വം രാജിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *