കോവിഡ് കണക്ക്: ആരോപണം രാഷ്ട്രീയ പ്രേരിതം – കേന്ദ്രത്തിനെതിരെ വീണ ജോര്‍ജ്

കോവിഡ് കണക്കുകളിലെ കേന്ദ്ര വിമര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോവിഡ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും വീണ ജോര്‍ജ് അവകാശപ്പെട്ടു.

ദിവസവും കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതില്‍ കേന്ദ്ര ആരോഗ്യമ​​ന്ത്രാലയം കേരള​ത്തെ വിമര്‍ശിച്ചിരുന്നു. കേരളം കൃത്യമായി കണക്കുകള്‍ പുറത്തുവിടാത്തത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് മരണങ്ങള്‍ ദിവസവും കൃത്യമായി റിപ്പോര്‍ട്ടു ചെയ്യണമെന്നും മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയക്കുകയും ചെയ്തു. മാസങ്ങള്‍ക്കു മുന്‍പ് ഇതേവിഷയത്തില്‍ അയച്ച കത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണു വീണ്ടും കത്തയച്ചത്.

കേരളം കോവിഡ് മരണങ്ങള്‍ വൈകി റിപ്പോര്‍‍ട്ടു ചെയ്യുന്നതു രാജ്യത്തു മരണങ്ങള്‍ വല്ലാതെ കൂടുന്നുവെന്ന തെറ്റായ ചിത്രം ഉണ്ടാക്കുന്നുവെന്നു കത്തില്‍ പറയുന്നു. മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കേരളം കാലതാമസമെടുക്കുന്നതും നിശ്ചിത കാലയളവില്‍ കോവിഡായി സ്ഥിരീകരിക്കുന്ന മരണങ്ങളെല്ലാം ഒരു ദിവസം ഒറ്റയടിക്ക് റിപ്പോര്‍ട്ടു ചെയ്യുന്നതും രാജ്യത്തിനു നാണക്കേടാകുന്നു എന്നാണ് കത്തിന്റെ രത്നച്ചുരുക്കം.

ജൂലൈ മാസത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്ത 441 കോവിഡ് മരണങ്ങളില്‍ 117 എണ്ണം കോവിഡാണെന്ന് മരണദിവസം സ്ഥിരീകരിക്കാതെ പിന്നീട് കേരളം സ്ഥിരീകരിച്ചവയാണ്. കോവിഡ് മരണക്കണക്കുകള്‍ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.കോവിഡ് മരണക്കണക്കുകള്‍ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) മാര്‍ഗനിര്‍ദേശം അനുസരിച്ച്‌, രോഗിയുടെ മരണം സംഭവിച്ച്‌ ദിവസങ്ങള്‍ക്കുശേഷം കോവിഡ് മരണമായി സ്ഥിരീകരിക്കുന്ന കേസുകള്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ടു ചെയ്യുമ്ബോള്‍ മരണം സംഭവിച്ച തീയതി കൃത്യമായി പറഞ്ഞിരിക്കണം.

മരണം സംഭവിച്ച തീയതി വ്യക്തമാക്കാതെ, ദിവസേനയുള്ള കോവിഡ് മരണങ്ങളുടെ കൂടെയാണ് ഇത്തരം മരണങ്ങള്‍ സംസ്ഥാനം ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അന്നേ ദിവസം സംഭവിച്ച മരണങ്ങളും നേരത്തേ സംഭവിച്ച മരണങ്ങളും വ്യക്തമാക്കാതെ ഒരുമിച്ചു കണക്ക് അയയ്ക്കുന്നത് മരണനിരക്കു രാജ്യത്ത് വളരെ കൂടുന്നുവെന്ന ചിത്രം ഉണ്ടാക്കും. മറ്റു സംസ്ഥാനങ്ങളൊന്നും ഈ പിഴവ് വരുത്തുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.

സുപ്രീം കോടതിയുടെ മാര്‍ച്ച്‌ 24ലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് മരണങ്ങളായി പിന്നീട് നിശ്ചയിക്കുന്നവയും പ്രത്യേകമായി കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കണമെന്നു കത്തില്‍ പറയുന്നു. കേരളം ഈ നിര്‍ദേശവും ഇപ്പോള്‍ പാലിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *