മന്ത്രിസഭാ പുനസംഘടന, ഏഴ് പുതിയ ജില്ലകള്‍; പാര്‍ത്ഥയുടെ അറസ്റ്റിന് പിന്നാലെ മമതയുടെ പ്രഖ്യാപനം

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയില്‍ അറസ്റ്റിലായതിന് പിന്നാലെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതോടെ ക്യാബിനറ്റ് പുനഃസംഘടന പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി മമത ബാനര്‍ജി.

പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കിയതോടെ മൂന്ന് മന്ത്രിമാരുടെ ഒഴിവാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ഉണ്ടായിരുന്നത്.

നേരത്തെ രണ്ട് മന്ത്രിമാര്‍ മരിച്ചിരുന്നു. ഇതോടെ ബുധനാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും നാലോ അഞ്ചോ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും മമത ബാനര്‍ജി തിങ്കളാഴ്ച പ്രഖ്യാപിച്ചു. പുതിയ മന്ത്രിമാര്‍ ബുധനാഴ്ച വൈകീട്ട് തന്നെ സത്യപ്രതിജ്ഞ ചെയ്യും എന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

‘സുബ്രത മുഖര്‍ജിയും സധന്‍ പാണ്ഡെയും മരിച്ചു. പാര്‍ത്ഥ ദാ (പാര്‍ത്ഥ ചാറ്റര്‍ജി) ജയിലിലാണ്. പഞ്ചായത്ത്, വ്യവസായം, ഉപഭോക്തൃകാര്യം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകള്‍ അവര്‍ക്കുണ്ടായിരുന്നു. എനിക്ക് കൂടുതല്‍ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ചില പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം, മന്ത്രിസഭാ യോഗത്തിന് ശേഷം മമതാ ബാനര്‍ജി പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ചില നേതാക്കളെ അയക്കും. നാളെ കഴിഞ്ഞ് മറ്റന്നാള്‍ ഞങ്ങള്‍ ഒരു ചെറിയ സത്യപ്രതിജ്ഞ ചടങ്ങ് നടത്തും എന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയില്‍ കൂടുതല്‍ യുവമുഖങ്ങള്‍ ഉണ്ടാകുമെന്നാണ് ടി എം സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയിലെ യുവാക്കള്‍ക്കിടയില്‍ മമതാ ബാനര്‍ജിയെക്കാള്‍ സ്വാധീനം അഭിഷേക് ബാനര്‍ജിക്കുണ്ട്.

സ്വാഭാവികമായും, പുതിയ മന്ത്രിസഭയില്‍ അഭിഷേകിന് കൂടുതല്‍ അധികാരമുണ്ടാകും എന്ന് വ്യക്തമാണ്, ടി എം സി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഏഴ് പുതിയ ജില്ലകള്‍ ഉടന്‍ രൂപീകരിക്കുമെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചു. മുര്‍ഷിദാബാദ്, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവയെ ഏഴ് ജില്ലകളായി വിഭജിക്കും.

ബെര്‍ഹാംപൂര്‍, കാണ്ടി, ഇച്ചമോട്ടി, ബസിര്‍ഹട്ട്, റാണാഘട്ട്, സുന്ദര്‍ബന്‍, ബിഷ്ണുപൂര്‍ എന്നിവയാണ് ജില്ലകള്‍. ബങ്കുര വിഭജിച്ചാണ് ബിഷ്ണുപൂര്‍ ജില്ല രൂപീകരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 23 ജില്ലകളുണ്ട്. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതോടെ സംസ്ഥാനത്ത് 30 ജില്ലകളാകും. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെയാണ് ജില്ലാ രൂപീകരണവും മന്ത്രിസഭാ പുനസംഘടനയും നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *