ബന്ധുക്കള്‍ക്ക് പോലുംകാണുവാന്‍ കഴിയുന്നില്ല

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല, അടുത്ത ബന്ധുക്കള്‍ക്ക് പോലും പ്രവേശനമില്ല. ജയലളിതയുടെ പഴയ വളര്‍ത്തുമകന്‍ വി എന്‍ സുധാകരന് ആശുപത്രിയുടെ വളപ്പിനകത്തു പോലും കയറാനായില്ല. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ രണ്ട് ദിവസമാണ് അകത്തുകയറാനുള്ള അനുമതിയ്ക്കായി കാത്തു നിന്ന് മടങ്ങിയത്.

വര്‍ഷം 1994. ജയലളിതയുടെ തോഴി ശശികലയുടെ സഹോദരപുത്രന്‍ സുധാകരന്റെ വിവാഹനിശ്ചയച്ചടങ്ങ്. അവിടെ വെച്ചാണ് തന്റെ വളര്‍ത്തുമകനായും രാഷ്ട്രീയത്തിലെ പിന്‍മുറക്കാരനായും സുധാകരനെന്ന ഇരുപത്തിയെട്ടുകാരനെ ജയലളിത പ്രഖ്യാപിക്കുന്നത്. അതുവരെ തമിഴ് രാഷ്ട്രീയത്തില്‍ ആരുമറിയാതിരുന്ന സുധാകരന്‍ ഒരു ദിവസം കൊണ്ട് താരമായി.

ശിവാജി ഗണേശന്റെ പേരക്കുട്ടിയായ സത്യവതിയുമായുള്ള സുധാകരന്റെ വിവാഹം തമിഴ്‌നാട് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ആഢംബരപൂര്‍ണമായിരുന്നു. ലക്ഷക്കണക്കിന് അതിഥികള്‍ക്കായി പാര്‍ട്ടി അണികളെ മുഴുവന്‍ നിരത്തിലിറക്കി ജയലളിത. എന്നാല്‍ 1995 ലെ തെരഞ്ഞെടുപ്പില്‍ ജനം ഇതിന് ജയലളിതയ്ക്ക് മറുപടി നല്‍കി. മത്സരിച്ച 168 സീറ്റുകളില്‍ ജയിച്ചത് വെറും നാലില്‍. ബര്‍ഗൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജയലളിത പോലും തോറ്റു.

ഇതോടെ ജയലളിതയും സുധാകരനും തമ്മില്‍ തെറ്റി. 1996 ആഗസ്ത് 25 ന് ഇനി മേലാല്‍ സുധാകരന്‍ തന്റെ വളര്‍ത്തുമകനല്ലെന്ന് ജയലളിത പ്രഖ്യാപിച്ചു. 2001 ല്‍ ജയലളിതയെക്കുറിച്ച് ആരോപണമുന്നയിച്ച് മണിക്കൂറുകള്‍ക്കകം സുധാകരന്റെ വീട് റെയ്ഡ് ചെയ്യപ്പെട്ടു. ഹെറോയിന്‍ കൈവശം വെച്ചതിന് സുധാകരന്‍ അറസ്റ്റിലായി. അന്ന് ജാമ്യം നേടി അപ്രത്യക്ഷനായ സുധാകരന്‍ പിന്നീട് മാധ്യമങ്ങളുടെ മുന്നിലെത്തുന്നത് 2014 ല്‍ അനധികൃതസ്വത്ത് സമ്ബാദനക്കേസിന്റെ വിചാരണയ്ക്കിടെ.

പിന്നീട് ഇപ്പോള്‍ ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്‌ബോഴും. പോയസ് ഗാര്‍ഡന്‍ വിട്ട് പത്തൊമ്ബത് വര്‍ഷത്തിന് ശേഷം സുധാകരന്‍ പഴയ വളര്‍ത്തമ്മയെ കാണാന്‍ ആശുപത്രിയുടെ മുന്നിലെത്തിയെങ്കിലും വാതില്‍ തുറന്നില്ല. ആശുപത്രി വളപ്പിനകത്തു പോലും കയറാനാകാതെ സുധാകരന്‍ തിരികെ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *