സ്വകാര്യ ബസ് പാഞ്ഞുകയറി കട തകര്‍ന്നു

വൈത്തിരി: ദേശീയപാതയില്‍ പഴയ വൈത്തിരിയില്‍ സ്വകാര്യ ബസ് കടകളിലേക്ക് പാഞ്ഞുകയറി കടയുടമക്കും ബസ് യാത്രക്കാര്‍ക്കും പരിക്ക്.

ഒരു കട പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നു. തലനാരിഴയ്‌ക്കാണ്‌ വന്‍ദുരന്തം ഒഴിവായത്‌.

വെള്ളി രാവിലെ 8.30 ഓടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന്‌ ബത്തേരിയിലേക്ക്‌ വരികയായിരുന്ന സ്വകാര്യ ബസ്‌ ഇടറോഡില്‍നിന്ന്‌ കയറിവന്ന സ്‌കൂള്‍ ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ്‌ കടയിലേക്ക്‌ പാഞ്ഞുകയറിയത്‌. രക്ഷാശ്രമം നടത്തിയെങ്കിലും സ്‌കൂള്‍ ബസ്സിലും റോഡരികില്‍ ഉണ്ടായിരുന്ന ഗുഡ്‌സ്‌ വാഹനത്തിലും തട്ടിയാണ്‌ കടകളില്‍ ഇടിച്ചുനിന്നത്‌. പൂര്‍ണമായും തകര്‍ന്ന കടയുടെ ഉടമ

പഴയ വൈത്തിരി നല്ലേങ്ങര ഹംസയ്‌ക്ക്‌ (65) പരിക്കേറ്റു. തലയ്‌ക്കാണ്‌ പരിക്കേറ്റത്‌. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ അമ്ബതോളം പേര്‍ക്കും നിസ്സാര പരിക്കേറ്റു. കടയ്‌ക്കുള്ളില്‍ കുടുങ്ങിയ ഹംസയെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും അരമണിക്കൂറോളം ശ്രമിച്ചാണ്‌ രക്ഷപ്പെടുത്തിയത്‌. തൊട്ടടുത്ത ഹാര്‍ഡ്‌വെയറും കോഴിക്കടയും ഭാഗികമായി തകര്‍ന്നു.

ബസ്‌ നിയന്ത്രണം വിട്ടുവരുന്നത്‌ കടയ്‌ക്കുള്ളിലുണ്ടായിരുന്നവര്‍ കണ്ടെങ്കിലും ഓടിമാറാന്‍ സമയം കിട്ടിയില്ല. കോഴിക്കടയുടെ ചുമര് തകര്‍ത്താണ്‌ ബസ്‌ നിന്നത്‌.

അപകടം നടന്ന്‌ അല്‍പ്പസമയത്തിനകം കല്‍പ്പറ്റ അഗ്നിശമനസേനയും വൈത്തിരി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസ്സിലെ യാത്രക്കാരെ പുറത്തിറക്കി വിവിധ വാഹനങ്ങളില്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ചെറിയ പരിക്കുകളായിരുന്നു എല്ലാവര്‍ക്കും. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറുടെ കൈയില്‍ ചില്ല് കയറി മുറിഞ്ഞു. അമ്ബത്തിരണ്ടോളം ബസ്‌ യാത്രക്കാര്‍ക്കാണ്‌ നിസ്സാര പരിക്കേറ്റത്‌. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ്‌ ബസ് കടകളില്‍നിന്ന്‌ മാറ്റിയത്‌.

ഒഴിവായത് 
വന്‍ ദുരന്തം

സ്വകാര്യ ബസ് സ്‌കൂള്‍ ബസ്സില്‍ നേരിട്ട്‌ ഇടിച്ചിരുന്നെങ്കില്‍ വലിയ ദുരന്തമായേനെ. വെങ്ങപ്പള്ളിയിലെ സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളായിരുന്നു ബസ്സിലുണ്ടായിരുന്നത്‌. രാവിലെ ആയതിനാല്‍ കടകളിലും റോഡരികിലും ആളുകളും കുറവായിരുന്നു. കടയ്ക്കുള്ളിലുണ്ടായിരുന്നവരും തലനാരിഴ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ഉടമ നജ്മുദ്ദീനും പ്രദേശവാസിയായ പി പി അബുവും സംസാരിച്ചുനില്‍ക്കുകയായിരുന്നു. ഇവരെ തൊട്ടുരുമ്മിയാണ്‌ ബസ് ഇടിച്ചുകയറിയത്.

സ്വകാര്യ ബസ് വെട്ടിച്ചുമാറ്റിയില്ലായിരുന്നെങ്കില്‍ സ്കൂള്‍ ബസ്സിനെ ഇടിച്ചുതെറിപ്പിച്ചേനെ. ദുരന്തം വലുതാകുമായിരുന്നു. പഴയ വൈത്തിരി പ്രദേശത്ത് റോഡരികിലെ ബോര്‍ഡുകളും അനധികൃത പാര്‍ക്കിങ്ങും അപകടത്തിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇടറോഡുകളില്‍നിന്ന്‌ വരുന്ന വാഹനങ്ങള്‍ക്ക്‌ പ്രധാനപാതയിലെ വാഹനങ്ങള്‍ കാണാന്‍ ബദ്ധിമുട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഇവിടെ വേഗനിയന്ത്രണവും പൊലീസ് സേവനവും വേണമെന്നതാണ്‌ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *