ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയിന്‍, ഇറ്റലി ടീമുകള്‍ക്ക് ജയം

മാഡ്രിഡ്: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ യൂറോപ്യന്‍ മേഖലയില്‍ സ്‌പെയിന്‍, ഇറ്റലി ടീമുകള്‍ക്ക് ജയം. അല്‍ബാനിയയിലെ മത്സരത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ മാസിഡോണിയയില്‍ എവേ മാച്ചിനിറങ്ങിയ ഇറ്റലി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും ജയം സ്വന്തമാക്കി.

മാസിഡോണിയക്കെതിരെ ബെലോറ്റിയുടെ ഗോളില്‍ ആദ്യപകുതിയില്‍ ഇറ്റലി 10ന് ജയിച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട്മിനുട്ടിനിടെ രണ്ട് ഗോളുകള്‍ അടിച്ചു കയറ്റി മാസിഡോണിയ അസൂറിപ്പടയെ ഞെട്ടിച്ചു. അമ്ബത്തേഴാം മിനുട്ടില്‍ നെസ്‌ട്രോസ്‌കിയും അമ്ബത്തൊമ്ബതാം മിനുട്ടില്‍ ഹസാനിയുമാണ് സ്‌കോര്‍ ചെയ്തത്.

പിറകില്‍ നിന്ന് ഇറ്റലി തിരിച്ചുകയറുന്ന കാഴ്ചയാണ് ഇമ്മോബിലിന്റെ ഇരട്ട ഗോളുകളിലൂടെ മാസിഡോണിയക്കാര്‍ പിന്നീട് കണ്ടത്. എഴുപത്തഞ്ചാം മിനുട്ടില്‍ സമനില കണ്ടെത്തിയ ഇറ്റലി ഇഞ്ചുറി ടൈമില്‍ വിജയഗോളും നേടി. ഫിഫ റാങ്കിംഗില്‍ നൂറ്റിനാല്‍പത്താറില്‍ നില്‍ക്കുന്ന മാസിഡോണിയക്കെതിരെ ഇറ്റലി കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് പറയാം. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ രണ്ടാം പകുതിയിലെ ഗോളുകളിലാണ് മുഖം രക്ഷിച്ചത്. അല്‍ബാനിയക്കെതിരെ ഡിയഗോ കോസ്റ്റയും നൊലിറ്റോയും സ്‌കോര്‍ ചെയ്തു.

ഏഴ് പോയിന്റുമായി സ്‌പെയിനും ഇറ്റലിയും ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്തുണ്ട്. അല്‍ബാനിയ ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്തും. ഗ്രൂപ്പ് ഐയിലെ മത്സരങ്ങളില്‍ ഐസ്ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തുര്‍ക്കിയെയും ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് ഫിന്‍ലന്‍ഡിനെയും തോല്‍പ്പിച്ചു. ഉക്രൈന്‍ മറുപടിയില്ലാത്ത കാല്‍ഡസന്‍ ഗോളുകള്‍ക്ക് കൊസോവയെയും കീഴടക്കി. ഗ്രൂപ്പ് ഡിയില്‍ വെയില്‍സും ജോര്‍ജിയയും സമനിലയില്‍ പിരിഞ്ഞു. സെര്‍ബിയ ആസ്ത്രിയയെ തോല്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *