വിജിലന്‍സ് പരിശോധന തുടങ്ങി

തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളുടെ മക്കളെയും ഉന്നതസ്ഥാനങ്ങളില്‍ കൂട്ടത്തോടെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

ഇതോടൊപ്പം പരാതിയിലെ ഗൗരവസ്വഭാവം വിശദീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കാണും. അതേസമയം, ബന്ധുനിയമന വിവാദം ഗൗരവമുള്ളതാണെന്നും പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ മന്ത്രി ജയരാജന്റെ നടപടിയിലെ തെറ്റ് പാര്‍ട്ടി തലത്തില്‍ തിരുത്തുമെന്ന് ഏതാണ്ട് ഉറപ്പായി.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും ജയരാജന്റെ നടപടി ശരിയല്ലെന്ന അഭിപ്രായമാണു സ്വീകരിച്ചിട്ടുള്ളത്. വരുന്ന 14നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച തിരുത്തല്‍ നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ സ്വമേധയാ നിയമനം നടത്തിയ ജയരാജനെ താക്കീതു ചെയ്യണമെന്ന അഭിപ്രായവും കീഴ്ഘടകങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു മുമ്പാകെ വച്ചിട്ടുണ്ട്. ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവു രൂക്ഷമായതോടെ ജയരാജന്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *