ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്‌ആര്‍ടിസി. നിലയ്ക്കല്‍ – പമ്ബ ചെയിന്‍ സര്‍വീസില്‍ തീര്‍ഥാടകരെ ബസില്‍ കുത്തി നിറച്ച് കൊണ്ടു പോകുന്നു.
കയറു കെട്ടിയാണ് തീര്‍ഥാടകരെ നിയന്ത്രിക്കുന്നത്. ആവശ്യത്തിന് ബസ് ഇല്ല എന്ന പേരിലാണ് തീര്‍ഥാടകരെ ബസില്‍ കുത്തി നിറയ്ക്കുന്നത്. തീര്‍ഥാടകരെ സീറ്റിങ് കപ്പാ സിറ്റിയില്‍ മാത്രമെ കൊണ്ടു പോകാവൂ എന്ന ഹൈക്കോടതി നിര്‍ദേശം അട്ടിമറിക്കുകയാണ്.
അതേസമയം ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീര്‍ത്ഥാടകരാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാന്‍ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങള്‍ പമ്ബ മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിയന്ത്രിത തിരക്കാണ് സന്നിധാനത്ത് ഉണ്ടായത്. അനിഷ്ടസംഭവങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നിലവില്‍ നിയന്ത്രണവിധേയമായി മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നുള്ളൂ. നിലവിലെ നിയന്ത്രണങ്ങള്‍ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്കൊഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടുതുടങ്ങിയതായാണ് വിലയിരുത്തല്‍.
ഇതിന്‍്റെ ഭാഗമായി ക്യൂ മാനെജ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കും. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇന്നും രാത്രി 11.30 വരെ ദര്‍ശനം ഉണ്ടായിരിക്കും.
ഇതിനിടെ ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ സമ്ബൂര്‍ണ്ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പമ്ബയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുതുന്നത് പ്രായോഗികമല്ല. തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കോടതി ഇടപെടേണ്ട അവസ്ഥയാണുള്ളത്.
ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതി സമര്‍പ്പിച്ചില്ലെങ്കില്‍ 80 കോടി രൂപ നഷ്ടമാകും. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
