റിയാദ്: ഫുട്ബാള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റിയാദിലൊരുക്കിയത് വന്‍ വരവേല്പ്. കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി നഗരമാകെ അണിഞ്ഞൊരുങ്ങി ആഘോഷപൂര്‍വമാണ് താരത്തെ നഗരം സ്വീകരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് കുടുംബത്തോടൊപ്പം റിയാദിലെത്തിയത്. രണ്ടര വര്‍ഷത്തെ കരാറില്‍ സൗദി അല്‍ നസ്ര് ക്ലബില്‍ ചേരുന്നതിനാണ് 37കാരനായ താരം റിയാദിലെത്തിയത്. റൊണാള്‍ഡോയെ സൗദിയിലേക്ക് സ്വാഗതം ചെയ്ത് ‘ഹലാ റൊണാള്‍ഡോ’ എന്ന് ഇംഗ്ലീഷിലും അറബിയിലും എഴുതിയ, പോര്‍ച്ചുഗല്‍ താരത്തിന്റെ ഫോട്ടോ അടങ്ങിയ കൂറ്റന്‍ ബോര്‍ഡുകള്‍ തലസ്ഥാന നഗരിയിലെ തെരുവുകളെ അലങ്കരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ഏഴിന് 25,000 ഇരിപ്പിട ശേഷിയുള്ള മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ (കിങ് സഊദ് സ്റ്റേഡിയം) വന്‍ സ്വീകരണമാണ് ഒരുക്കിയത്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയും താരത്തെ സൗദി കായികലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായിരുന്നു ഈ സ്വീകരണ പരിപാടി. സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ അല്‍ നസ്ര് ക്ലബ് മേധാവി മുസല്ലി അല്‍-മുഅമ്മര്‍ താരത്തെ അവതരിപ്പിച്ചു.
സൗദി പ്രോ-ലീഗില്‍ മത്സരിക്കാന്‍ പര്യാപ്തനാണെന്ന് ഉറപ്പാക്കുന്ന ആരോഗ്യ പരിശോധനക്ക് വിധേയമായ ശേഷമായിരുന്നു സി.ആര്. സെവന് സ്വീകരണ പരിപാടിക്കെത്തിയത്. സ്വീകരണ ചടങ്ങിലേക്ക് പ്രവേശനം കിട്ടാന്‍ ടിക്കറ്റിനായി വന്‍ തിരക്കായിരുന്നു. 15 റിയാലിന്റെ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്കിങ് ആരംഭിച്ച് ഏതാനും സമയത്തിനുള്ളില്‍ വിറ്റുപോയി.ടിക്കറ്റ് വില്പനയിലൂടെ ലഭിച്ച മുഴുവന്‍ തുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ ഇഹ്സാന്‍ പ്ലാറ്റ്ഫോമിന് കൈമാറുമെന്ന് അല്നസ്ര് ക്ലബ് അറിയിച്ചു.
