ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി യുപിയിലെ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ഇന്നു ജയില്‍ മോചിതനായി. നിതി പൂര്‍ണമായും ലഭിച്ചിട്ടില്ലെന്ന് ജയില്‍ മോചിതനായ ശേഷം കാപ്പന് പ്രതികരിച്ചു.
‘കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസില്‍ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായിവരില്‍ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്. 28 മാസത്തിനു ശേഷമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. 28 മാസം ഞാന്‍ ജയിലില്‍ കിടന്നു. പൂര്‍ണമായും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു.’–സിദ്ദീഖ് കാപ്പന് പ്രതികരിച്ചു.
യുപി പൊലീസും ഇഡിയും ചുമത്തിയ കേസുകളിലെല്ലാം കാപ്പനു ജാമ്യം ലഭിച്ചിരുന്നു. ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ കാപ്പനെതിരെ യുഎപിഎ ഉള്‍പ്പെടുത്തിയ കേസില്‍ നേരത്തെ തന്നെ സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നതാണ്. ഇഡി ചുമത്തിയ കേസില്‍ ജാമ്യം ലഭിക്കാത്തതായിരുന്നു തടസ്സം.
കഴിഞ്ഞ ക്രിസ്മസ് അവധിക്കു തൊട്ടു മുന്‍പ്, അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഇഡി കേസിലും കാപ്പനു ജാമ്യം നല്‍കിയെങ്കിലും നടപടിക്രമം നീണ്ടതു മോചനം വൈകിപ്പിച്ചു. യുപി പൊലീസിന്റെ വെരിഫിക്കേഷന് നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇഡിയുടേതു കൂടി പൂര്‍ത്തിയായതോടെ റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തി. ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പന് അറസ്റ്റിലായത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇഡി റജിസ്റ്റര്‍ ചെയ്ത കേസ്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം.
