കോഴിക്കോട്: കാണാതായ ദീപക് ആറുമാസത്തിനുശേഷം തിരികെ നാട്ടിലെത്തിയതോടെ പോലീസ് പ്രതിരോധത്തില്‍. പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം, കാണാതായ ദീപക്കിന്റേതെന്നു കരുതി സംസ്കരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി ഇര്‍ഷാദിന്റെ കുടുംബം രംഗത്തെത്തിയതാണ് കാരണം.
ഡിഎന്‍എ പരിശോധനാഫലം ലഭിക്കുംമുമ്ബ് സംസ്കാരം നടത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സാവകാശം കിട്ടിയെന്നും ഇര്‍ഷാദിന്റെ പിതാവ് നാസര്‍ ആരോപിച്ചു.
നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. റൂറല്‍ എസ്പിക്കു പരാതി നല്കി. കേസ് സിബിഐക്കു വിടണമെന്നും നാസര്‍ ആവശ്യപ്പെട്ടു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണ്ണക്കടത്തു സംഘത്തലവന് സ്വാലിഹ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഇപ്പോഴും വിദേശത്തു കഴിയുകയാണ്. ഇവരെ നാട്ടിലെത്തിക്കാന്പോലീസ് ഒന്നും ചെയ്യുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു
