ഗള്‍ഫിലേക്ക് കെ – ഫ്ലൈറ്റ്

തിരുവനന്തപുരം:പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കമ്ബനികളെ നിലയ്ക്കു നിറുത്താന്‍, വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് ഉത്സവ, അവധിക്കാലത്ത് ഗള്‍ഫില്‍ നിന്ന് സ്വന്തം സര്‍വീസ് നടത്താന്‍ കേരളം.

ഇതിനായി ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കുറഞ്ഞനിരക്കില്‍ 175സീറ്റുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യും. പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയുടെ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാവും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്ബനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മൂന്നാഴ്ചയ്ക്കകം പദ്ധതിക്ക് അന്തിമരൂപമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്ബൂതിരി ‘കേരളകൗമുദി’യോട് പറഞ്ഞു.

കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കാവും സര്‍വീസുകള്‍. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ലാന്‍ഡിംഗ് ഫീസ്, പാര്‍ക്കിംഗ് ഫീസ്, യൂസര്‍ ഫീസ് ഇളവുനല്‍കും. വലിയ വിമാനങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപയാണ് ലാന്‍ഡിംഗ് ഫീസ്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 1,260 രൂപയാണ് യൂസര്‍ഫീസ്. സര്‍ക്കാര്‍ വിമാനസര്‍വീസ് നടത്തുന്നതോടെ, വിമാനക്കമ്ബനികള്‍ നിരക്ക് കുറയ്ക്കുമെന്നാണ് നോര്‍ക്കയുടെ പ്രതീക്ഷ. നിലവില്‍ വിമാനക്കമ്ബനികള്‍ തോന്നുംപടി നിരക്കുയര്‍ത്തുകയാണ്. ഓണം, വിഷു, പെരുനാള്‍, ക്രിസ്‌മസ് കാലത്തും ഗള്‍ഫില്‍ സ്കൂള്‍ അടയ്ക്കുമ്ബോഴുമാണ് കഴുത്തറുപ്പന്‍ നിരക്ക്. ജനുവരി ആദ്യവാരം ഗള്‍ഫിലെ സ്കൂളുകള്‍ തുറക്കുന്നതിനാല്‍ ഡിസംബര്‍ അവസാനം കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള നിരക്കും കുത്തനെ ഉയരും.

ചാര്‍ട്ടര്‍ സര്‍വീസുകള്‍ക്ക് മുഴുവന്‍ സീറ്റിനും പണം മുന്‍കൂറായി നല്‍കണം. സര്‍ക്കാരിന്റെ സര്‍വീസായതിനാല്‍ സര്‍ക്കാര്‍ ഗാരന്റി നല്‍കിയാല്‍ മതി. ഗള്‍ഫിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്ക് യാത്രക്കാരെ ഉറപ്പാക്കേണ്ടത് നോര്‍ക്കയാണ്. സീറ്റ് കാലിയായിക്കിടന്നാലും വിമാനക്കമ്ബനിക്ക് പണം നല്‍കണം. ഇതിനായി 15കോടിയുടെ കോര്‍പസ് ഫണ്ട് രൂപീകരിക്കും. .

ക്വട്ടേഷന്‍ വിളിക്കും

വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ നോര്‍ക്ക ക്വട്ടേഷന്‍ വിളിക്കും. കുറഞ്ഞനിരക്ക് ക്വോട്ട് ചെയ്യുന്ന കമ്ബനികളെ പങ്കാളിയാക്കും.

വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്ക സൗകര്യമൊരുക്കും. കുട്ടികള്‍ക്ക് നിരക്കിളവ്.

”ഗള്‍ഫിലെ പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കൂലി നിയന്ത്രിക്കാനാണിത്”

-കെ.എന്‍.ബാലഗോപാല്‍

ധനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *