വാഷിംഗ്ടണ്‍: ആശങ്ക വര്‍ദ്ധിപ്പിച്ച് അമേരിക്കന്‍ ആകാശത്ത് ചൈനയുടെ നിരീക്ഷണ ബലൂണ്‍. ചൈനയുടെ ചാര ബലൂണ്‍ ആണിതെന്നായിരുന്നു ആശങ്ക.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കന്‍ പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന ബലൂണ്‍ ഏറ്റവും ഒടുവില്‍ ബുധനാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനമായ മൊണ്ടാനയ്ക്ക് മുകളിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ബലൂണ്‍ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്നും നിശ്ചിത പാതയില്‍ നിന്ന് വ്യതിചലിച്ച് യു.എസിലെത്തിയതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബലൂണ്‍ യു.എസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതില്‍ ചൈന ഖേദം പ്രകടിപ്പിച്ചു.
നിരീക്ഷണ ബലൂണ്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും കാര്യങ്ങള്‍ വ്യക്തമാകുന്നതിന് മുന്നേ ഊഹാപോഹങ്ങളും അമിത പ്രചാരണവും ഉയരുന്നത് പ്രശ്നം ശരിയായി പരിഹരിക്കാന്‍ സഹായിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം.
രാജ്യത്തെ ആണവ മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന മൂന്ന് കേന്ദ്രങ്ങളില്‍ ഒന്നായ മാംസ്ട്രോം എയര്‍ ഫോഴ്സ് ബേസ് മൊണ്ടാനയിലാണ്. തന്ത്രപ്രധാന മേഖലകളിലൂടെ പറന്ന് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ബലൂണിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ സംശയിച്ചിരുന്നു. ബലൂണിനെ അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ നിരീക്ഷണത്തിലാണ്.
ബലൂണ്‍ വെടിവച്ചു വീഴ്ത്താന്‍ സൈന്യം തീരുമാനിച്ചെങ്കിലും താഴേക്ക് പതിക്കുന്നത് ജനങ്ങള്‍ക്ക് അപകടം സൃഷ്ടിച്ചേക്കാമെന്നതിനാല്‍ ഉപേക്ഷിച്ചു. എഫ് – 22 അടക്കമുള്ള യുദ്ധവിമാനങ്ങളെയും സജ്ജമാക്കിയിരുന്നു. ബലൂണിന്റെ നിലവിലെ സ്ഥാനമോ മറ്റ് വിവരങ്ങളോ ഇന്നലെ പെന്റഗണ്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയില്ല.
ഇത്തരം ബലൂണുകള്‍ മുമ്ബും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ബലൂണ്‍ ഏറെ നേരം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പെന്റഗണ്‍ അറിയിച്ചു. നിരീക്ഷണ സാങ്കേതികവിദ്യയുടെ ഏറ്റവും പഴയ രൂപങ്ങളിലൊന്നാണ് ബലൂണ്‍. വിഷയത്തില്‍ ഡിഫന്‍സ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
കാനഡയുടെ ഭാഗങ്ങളിലും ബലൂണ്‍ സഞ്ചരിച്ചു. ബലൂണിനെ ശ്രദ്ധയില്‍പ്പെട്ടെന്നറിയിച്ച കാനഡ എന്നാല്‍ ചൈനയുടെ പേര് പരാമര്‍ശിച്ചില്ല.
അതേ സമയം, ബലൂണ്‍ വിവാദത്തിനിടെ നാളെ മുതല്‍ തുടങ്ങാനിരുന്ന ചൈന സന്ദര്‍ശനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മാറ്റിവച്ചു. യു.എസ് ജനപ്രതിനിധി സഭാ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി കഴിഞ്ഞ ഓഗസ്റ്റില്‍ തായ്‌വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ യു.എസ് – ചൈന ബന്ധത്തില്‍ വിള്ളലുകള്‍ രൂക്ഷമായിരുന്നു.
