മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

തിരുവനന്തപുരം: വഞ്ചിയൂരിലെ വിജിലന്‍സ് കോടതി മുറിക്കുള്ളില്‍ വച്ച് ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു പുറത്താക്കി. മന്ത്രി ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ കോടതി ഒരു പൊതുതാത്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കുന്നുണ്ടായിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിത മാധ്യമപ്രവര്‍ത്തകരെ അടക്കമാണ് അഭിഭാഷകര്‍ ജഡ്ജിക്ക് മുന്നില്‍ വച്ച് കൈയേറ്റം ചെയ്തു പുറത്താക്കിയത്. രാവിലെ മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. ഏഴോളം കേസുകള്‍ പരിഗണിച്ച ശേഷമാണ് ജയരാജനെതിരായ പരാതി പരിഗണിച്ചത്. മന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് ഒരുവിഭാഗം അഭിഭാഷകര്‍ എത്തി മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. ആരോട് ചോദിച്ചിട്ടാണ് നിങ്ങള്‍ അകത്തുകയറിയതെന്ന് ആക്രോശിച്ചായിരുന്നു കൈയേറ്റം. ഉടന്‍ പുറത്തുപോയില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്ന തരത്തിലായിരുന്നു ഭീഷണി. കോടതി മുറിക്കുള്ളിലാണ് ഈ സംഭവം നടന്നത്. ബഹളം കേട്ട് ജഡ്ജി എന്താണ് സംഭവമെന്ന് തിരക്കിയെങ്കിലും അഭിഭാഷകര്‍ പിന്മാറിയില്ല. പിന്നീട് ജഡ്ജിയും സംഭവം കണ്ടതായി ഭാവിച്ചില്ല. പിന്നീട് പോലീസ് സഹായത്തോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് പുറത്തുകടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *