കോഴിക്കോട് • ‘ഉമ്മന്‍ ചാണ്ടീ..’ എന്നുള്ള രണ്ടാം ക്ലാസുകാരിയുടെ ആ വിളിയില്‍ പൂവിട്ട അമല്‍ കൃഷ്ണയുടെ സ്വപ്‌നത്തിന് ആദ്യ ശിലയിട്ടു. അതിനു സാക്ഷിയാകാന്‍ നാട് മധുരവുമായി ഒന്നിച്ചെത്തി. നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പേരു ചൊല്ലി വിളിച്ച ശിവാനിയുടെ ആവശ്യം തന്റെ സഹപാഠി കെ.പി.അമല്‍ കൃഷ്ണയ്ക്കു വീട് വേണമെന്നതായിരുന്നു. ആ ആവശ്യം നിറവേറ്റാന്‍ വീടിന്റെ ആദ്യശില പാകാന്‍ എത്തിയത് ഇപ്പോഴത്തെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും.
18 ലക്ഷം രൂപ ചെലവില്‍ ഇരുനില വീടാണ് കുണ്ടൂപ്പറമ്ബ് സ്‌കൂളിനു സമീപം കക്കുഴി പടിപ്പറമ്ബിലെ മൂന്നു സെന്റ് സ്ഥലത്ത് സുമനസ്സുകളുടെ കൈത്താങ്ങില്‍ ഉയരുന്നത്.
അമല്‍ കൃഷ്ണയുടെ അച്ഛന്‍ സുധീഷും അമ്മ അനീഷയും സുഖമില്ലാത്തവരാണ്. അതിനാല്‍ മുകള്‍ നില വാടകയ്ക്കു നല്‍കി ഇവര്‍ക്കു വരുമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍ ഇരുനില വീടെന്ന സ്വപ്‌നത്തിനു ചാന്തുകൂട്ടിയത്.
നന്മയും മനുഷ്യപ്പറ്റും നാട്ടില്‍ നിലനില്‍ക്കുന്നു എന്നതിനു തെളിവാണ് ഈ ചടങ്ങെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ഒത്തിരി സന്തോഷമുണ്ടെന്നും ശിവാനിയോട് കടപ്പെട്ടിരിക്കുന്നുവെന്നും കുഞ്ഞിക്കണ്ണുകള്‍ വിടര്‍ത്തി അമലും പറഞ്ഞു. ഉമ്മന്‍ ചാണ്ടീ…. എന്ന ശിവാനിയുടെ വിളിയാണ് നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാനെത്തിയ ഉമ്മന്‍ചാണ്ടിയെ കുട്ടികളുടെ അടുത്തെത്തിച്ചത്. ഗവ. മോഡല്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ സഹപാഠി കെ.പി.അമല്‍കൃഷ്ണയ്ക്കു വീടില്ലെന്ന സങ്കടം ഉമ്മന്‍ചാണ്ടിയോട് പങ്കുവച്ചു. മൂന്നു ലക്ഷം രൂപ ഉമ്മന്‍ചാണ്ടി അനുവദിച്ചു പക്ഷേ തിരഞ്ഞെടുപ്പു കഴിഞ്ഞു പുതിയ സര്‍ക്കാര്‍ വന്നതോടെ പണം ലഭിക്കാന്‍ കാലതാമസം ഉണ്ടായേക്കുമെന്നു കണ്ട് ഉമ്മന്‍ചാണ്ടി തന്റെ സുഹൃത്തുക്കളില്‍ നിന്നു പണം കണ്ടെത്തി അമല്‍ കൃഷ്ണയ്ക്കു നല്‍കിയിരുന്നു.
അമല്‍കൃഷ്ണയുടെ ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉദാരമതികളുടെ സംഭാവനയില്‍ 12 ലക്ഷം പിരിഞ്ഞു കിട്ടി. ഇനി മൂന്നു ലക്ഷം കൂടി വേണം. അര്‍ബുദ രോഗിയായ ചെറിയാന്‍ തോട്ടുങ്കല്‍ അര്‍ബുദത്തെ അതിജീവിക്കുന്നതു സംബന്ധിച്ച് എഴുതിയ തന്റെ പുസ്തകം വിറ്റതില്‍ നിന്നു ലഭിച്ച 1000 രൂപ ചടങ്ങില്‍ അമലിനു സമ്മാനിച്ച് മൂന്നു ലക്ഷം എന്ന ലക്ഷ്യത്തിനും ശിലപാകി. കെ.പി. വിജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ പി.കിഷന്‍ ചന്ദ്, ടി.എസ്.ഷിംജിത്ത്, സ്‌കൂളിലെ അധ്യാപകന്‍ ബാബു തത്തക്കാടന്‍, രമേശ് നമ്ബിയത്ത്, മനോജ് കുണ്ടൂപ്പറമ്ബ് എന്നിവര്‍ പ്രസംഗിച്ചു.
