കൊച്ചി • ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിട്ടും വരുമാനം സൂക്ഷിക്കാന്‍ വഴി കാണാതെ ബവ്‌റിജസ് കോര്‍പറേഷന്‍. തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങളില്‍ ബാങ്ക് ശാഖകള്‍ പ്രത്യേകമായി പ്രവര്‍ത്തിപ്പിച്ചും സുരക്ഷയ്ക്കു പൊലീസിനെ ഉപയോഗിച്ചും പണം നിക്ഷേപിക്കുമെന്ന മാനേജ്‌മെന്റിന്റെ വാക്ക് പാഴ്വാക്കായി. അഞ്ച് ബാങ്ക് അവധി ദിനങ്ങളുണ്ടായിരുന്ന കഴിഞ്ഞയാഴ്ചയിലെ വരുമാനം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ തയാറാകാത്തതിനെത്തുടര്‍ന്നു കോടിക്കണക്കിനു രൂപയുമായി ജീവനക്കാര്‍ നെട്ടോട്ടമോടേണ്ടിവന്നു.
അച്ചടക്ക നടപടി നേരിടേണ്ടിവന്നാലും ഇനി ജീവന്‍ പണയംവച്ചു പണവുമായി തെക്കുവടക്കു നടക്കാനില്ലെന്നു ജീവനക്കാര്‍ നിലപാടെടുത്തതോടെ, ബവ്‌കോയുടെ വരുമാനം സൂക്ഷിക്കല്‍ പ്രതിസന്ധിയിലായി.
പണമടയ്ക്കാന്‍ ബാങ്കില്‍ പോയ ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയിലായിട്ടും, ജീവക്കാരനോടു പണം തിരിച്ചടയ്ക്കാന്‍ ബവ്‌കോ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതോടെയാണു ജീവനക്കാര്‍ കടുത്ത നിലപാടിലേക്കു നീങ്ങുന്നത്.
അഞ്ചു ബാങ്കുകളിലാണു ബവ്‌കോയ്ക്ക് അക്കൗണ്ടുള്ളത്. ഓരോ മദ്യക്കടയിലും പ്രതിദിനം കുറഞ്ഞതു 15 ലക്ഷം രൂപ വരുമാനമുള്ളതിനാല്‍, ബാങ്കുകള്‍ ഏജന്‍സി മുഖേന കടയിലെത്തി പണം കൈപ്പറ്റണമെന്നാണു ധാരണ. എന്നാല്‍, തിരുവനന്തപുരത്തും എറണാകുളത്തും ബാങ്കുകള്‍ ധാരണ തെറ്റിച്ചു. ഇതോടെ, ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയുമായി ബാങ്കിലെത്തേണ്ട ചുമതല ബവ്‌കോ ജീവനക്കാരുടെ തലയിലായി. തുടര്‍ച്ചയായ ബാങ്ക് അവധിദിനങ്ങളില്‍ വന്‍ തുക സൂക്ഷിച്ചുവയ്‌ക്കേണ്ട തലവേദനയും ഇവര്‍ക്കായി. കഴിഞ്ഞ ഓണക്കാലത്ത് തുടര്‍ച്ചയായി ആറ് അവധിദിനങ്ങള്‍ വന്നപ്പോള്‍, ജീവനക്കാര്‍ പ്രതിഷേധമറിയിക്കുകയും പകരം സംവിധാനമൊരുക്കുമെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഓരോ ജില്ലയിലും രണ്ടു ബാങ്ക് ശാഖകള്‍ വീതം ബവ്‌കോയ്ക്കായി തുറക്കുമെന്നും പൊലീസ് സുരക്ഷയില്‍ പണം ശാഖയിലെത്തിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍, പൊലീസ് സഹകരിക്കാത്തതിനാല്‍ ജീവനക്കാര്‍ തന്നെ തുക ബാങ്കിലെത്തിക്കേണ്ടിവന്നു. കഴിഞ്ഞയാഴ്ചയും തുടര്‍ച്ചയായി അവധിദിനങ്ങള്‍ വന്നപ്പോള്‍, ഓരോ ജില്ലയിലും പ്രത്യേകമായി ബാങ്ക് ശാഖകള്‍ തുറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, തുറന്നത് ജില്ലയില്‍ ഒന്നു വീതം മാത്രം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ജീവനക്കാര്‍ സ്വന്തം നിലയ്ക്കു വാഹനത്തില്‍ പണം ബാങ്ക് ശാഖയിലെത്തിച്ചു.
കഴിഞ്ഞ 10നു ബാങ്ക് തുറന്നു പണം സീല്‍ ചെയ്തു വാങ്ങിവച്ചെങ്കിലും 13ന് ബവ്‌കോ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പണം തിരിച്ചെടുക്കണമെന്നു ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു. വീണ്ടും ജീവനക്കാര്‍ വാഹനവുമായെത്തി പണം തിരിച്ചെടുക്കുകയും ഷോപ്പിനു സമീപത്തെ ബാങ്ക് ശാഖയില്‍ അടയ്ക്കുകയും ചെയ്തു.
2005ല്‍ പട്ടിമറ്റത്തെ കടയില്‍നിന്നു 5.34 ലക്ഷം രൂപ ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോകുന്നതിനിടെ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ ജീവനക്കാരനില്‍നിന്നു പണം തിരിച്ചുപിടിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതാണു ജീവനക്കാരെ ആശങ്കയിലാക്കുന്നത്. വാനിലെത്തിയവര്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ജീവനക്കാരനെ ആക്രമിച്ചു പണം കവരുകയായിരുന്നു. പ്രതികള്‍ പൊലീസ് പിടിയിലുമായി. എന്നാല്‍, പണം നഷ്ടപ്പെട്ടതു ജീവനക്കാരന്റെ കൃത്യവിലോപം മൂലമാണെന്നാണു മാനേജ്‌മെന്റിന്റെ കണ്ടെത്തല്‍. പണം തിരിച്ചുപിടിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞയാഴ്ച ജീവനക്കാരനു നോട്ടിസ് നല്‍കുകയും ചെയ്തു.
