യുഎപിഎ പേടിച്ച് കരഞ്ഞ് കാലുപിടിച്ച്

കൊച്ചി: മുസ്ലിം സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തില്‍ കൈകൂപ്പി മാപ്പു ചോദിച്ച് എന്‍ ഗോപാലകൃഷ്ണന്‍. മലപ്പുറം ജില്ലയേയും മുസ്ലിം സമുദായത്തേയും അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഘപരിവാര്‍ ആചാര്യന്‍ ഡോ എന്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് മാപ്പിരന്ന് രംഗത്ത് വന്നിരിക്കുകയാണ്.

വിവാദമായ വീഡിയോ മൂന്ന്, നാല് വര്‍ഷം പഴക്കമുള്ളതാണെന്നും ഇസ്ലാം സമുദായത്തിലെ രീതികളെ കുറിച്ചും, ബഹുഭാര്യാത്വത്തെ കുറിച്ചും, കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം സമുദായത്തിന്റെ സമീപനത്തെ കുറിച്ചും പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കമന്റ് ചെയ്യുകയായിരുന്നുവെന്ന് അറിയിച്ചു.
അന്നത്തെ വിഷയത്തിനോട് അനുബന്ധിച്ചാണ് അത്തരത്തില്‍ താന്‍ അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം സ്ത്രീകളെ പന്നിയോടുപമിക്കുകയും പെറ്റുപെരുകുകയാണ് മുസ്ലിങ്ങളെന്നും അതിനാലാണ് മലപ്പുറത്തു നിന്നും ഇത്രയധികം എംഎല്‍എമാരുണ്ടാകുന്നതെന്നും, അധിക്ഷേപിച്ച് സംസാരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ കൂടിയായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ തന്റെ മാപ്പു ചോദിച്ച് പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയില്‍ ഭാഷ മയപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ നിന്നുള്‍പ്പടെ ശക്തമായിരുന്നു. ഇതില്‍ ഭയപ്പെട്ടാണ് കരഞ്ഞ് കൂപ്പിയ കൈകളുമായി ഗോപാലകൃഷ്ണന്‍ മാപ്പ് ചോദിക്കുന്നതെന്ന് വ്യക്തം.

ആദ്യം പുറത്തുവന്ന വീഡിയോയില്‍ ‘മുസ്ലിം’ എന്ന വാക്കുപയോഗിക്കുമ്‌ബോഴുണ്ടായിരുന്ന ഗോപാലകൃഷ്ണന്റെ പുച്ഛഭാവം രണ്ടാമത്തെ മാപ്പു വീഡിയോയില്‍ ‘ഇസ്ലാം സമുദായം’ എന്ന ബഹുമാനം കലര്‍ന്ന വാക്കായി മാറിയിട്ടുണ്ട്. ഒന്നാം വീഡിയോയിലെ ‘രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട് കുട്ടികളുണ്ടാക്കുകയാണ് മുസ്ലിങ്ങള്‍’ എന്ന ആക്ഷേപകരമായ പ്രയോഗം രണ്ടാം വീഡിയോയില്‍ ‘സമുദായത്തിലെ ബഹുഭാര്യാത്വം’ എന്നായി മാറി. ‘പന്നി പ്രസവിക്കുന്നതുമാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നു’ എന്ന പരിഹാസം ‘കുട്ടികള്‍ കൂടുതല്‍ ഉണ്ടാകുന്നത് എന്‍കറേജു ചെയ്യുന്ന സമുദായത്തിന്റെ രീതി’ എന്നായി മയപ്പെട്ടു. കൂടാതെ മലപ്പുറം ജില്ലയെ താന്‍ ഒരിക്കലും മിനി പാകിസ്താന്‍ എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നും എല്ലാവരും തീവ്രവാദികളാണെന്ന് ഒരു കാരണവശാലും താന്‍ പറഞ്ഞിട്ടില്ലെന്നും എന്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എല്ലാവരും ഭാരതീയരാണെന്നും ഗോപാലകൃഷ്ണന്‍ വര്‍ഗീയ വാദിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും തനിക്ക് ഇതില്‍ ദുഖമുണ്ടെന്നും എന്‍ ഗോപാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പി്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ക്രൂരമായ ഭാഷയില്‍ മുമ്ബും ഇതര സമുദായങ്ങളേയും മറ്റും അധിക്ഷേപിച്ച് സംസാരിച്ചിട്ടുള്ള ഗോപാലകൃഷ്ണന്‍ തര്‍ക്കുത്തരങ്ങളിലൂടേയും വിവാദങ്ങളെ അവഗണിച്ചും തന്റെ പ്രസംഗം തുടര്‍ന്നു പോന്നിരുന്ന ആളാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഇത്തവണത്തെ പരാമര്‍ശം നവമാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ശക്തമായ വിമര്‍ശനങ്ങളും യുഎപിഎ ചുമത്താനുള്ള ആഹ്വാനം ഉന്നയിക്കപ്പെട്ടതും ഇയാളുടെ ഭാഷയെ മയപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഇടത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി എടുക്കുമെന്ന ഭയമുള്ളതിനാല്‍ തന്നെ പിണറായിയേയും ഇടത് മാധ്യമങ്ങളേയും തന്റെ പ്രസംഗത്തില്‍ വിനയത്തോടെ പരാമര്‍ശിക്കാനും മറന്നില്ല ഗോപാലകൃഷ്ണന്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ യുഎപിഎ ചുമത്തിയാലോ എന്ന ഭയം ഡോ. ഗോപാലകൃഷ്ണന്റെ അടിമുടി ഭയപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തം.

മാപ്പു വീഡിയോ പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. എന്നാല്‍ മാപ്പിരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ട്രോളുകളും പരിഹാസവും ഗോപാലകൃഷ്ണനു നേരെ നീണ്ടു. ഇതിനാലാവണം ഇപ്പോള്‍ യൂട്യൂബില്‍ നിന്നും സ്വന്തമായി പോസ്റ്റ് ചെയ്ത മാപ്പ് വീഡിയോ ഗോപാലകൃഷ്ണന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *