നിലമ്പൂരില്‍ അഡ്വ: സ്വാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി

മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്.ഡി.പി.ഐയും. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി അഡ്വ.സ്വാദിഖ് നടുത്തൊടി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നൂ മുന്നണികളുടെയും വികസന വാഗ്ദ്ധാനങ്ങള്‍ പൊള്ളയാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പി.വി അന്‍വറിനെ തെരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.പി.വി അന്‍വര്‍ രാജിവെച്ച് ഉയര്‍ത്തിയ ചില പ്രശ്നങ്ങള്‍ ഗൗരവതരമായിരുന്നു. അതേറ്റെടുത്ത് മുന്നോട്ടു പോവുന്നതില്‍ പ്രതിപക്ഷത്തിനും സാധിച്ചില്ല.പ്രളയം തകര്‍ത്ത മണ്ഡലമാണ് നിലമ്പൂര്‍.ആരോഗ്യമേഖല നേരിടുന്ന പിന്നാക്കാവസ്ഥ വിവരണാതീതമാണ്. വന്യമൃഗശല്യം ഗുരുതരമായ പ്രശ്നമായി നിലനില്‍ക്കുന്നു.കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു ജീവനുകളാണ് ഇവിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. നഷ്ടപരിഹാരം പോലും പൂര്‍ണമായി നല്‍കിയിട്ടില്ല. വിവേചനമില്ലാത്ത വികസനമാണ് ലക്ഷ്യമെന്നും ഉറച്ച് നിലപാടാണ് എസ്.ഡി.പി.ഐ എക്കാലവും ഉയര്‍ത്തിപിടിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി.പി റഫീഖ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, വി.ടി ഇഖ്റാമുല്‍ ഹഖ്, അന്‍വര്‍ പഴഞ്ഞി തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *