ഐഎസില്‍നിന്നു രക്ഷപെട്ട പിഞ്ചുകുട്ടികള്‍ക്ക് ക്രൂരപീഡനം

ബാഗ്ദാദ്• മൊസൂളില്‍ ഐഎസിന്റെ (ഇസ്ലാമിക് സ്റ്റേറ്റ്) കൊടും ക്രൂരതകളില്‍നിന്ന് രക്ഷപെട്ട കുട്ടികള്‍ക്ക് ഇറാഖി സേനയുടെ പീഡനം. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധം ചെയ്യുന്ന ഇറാഖി സേനയും ഒപ്പമുള്ള പോരാളികളുമാണ് കുട്ടികളോട് ക്രൂരത കാണിക്കുന്നതെന്ന് പ്രമുഖ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുവയസ് പ്രായമുള്ള കുട്ടികളെ പോലും ചുറ്റികകൊണ്ട് സൈനികര്‍ അടിക്കുന്ന വിഡിയോ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പിടികൂടിയ കുട്ടികളെ ഐഎസ് അനുകൂലികളെന്ന് ആരോപിച്ചാണ് സൈന്യം പീഡിപ്പിക്കുന്നത്.
ഒക്ടോബര്‍ 18ന് ട്വിറ്ററിലാണു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാഖി സേനയുടെ കൂടെയുള്ള പോരാളികളായ പീപ്പിള്‍സ് മൊബിലൈസേഷന്‍ യൂണിറ്റ്‌സ് (പിഎംയു) ആണു പ്രധാനമായും വിഡിയോയിലുള്ള സൈനികര്‍. ഒരു വിഡിയോയില്‍ ഇറാഖി സൈനികന്‍ കുട്ടിയുടെ തലയിലും കാലിലും അടിക്കുന്നതായുണ്ട്. ഇതു തടയാന്‍ ചുറ്റുമുള്ള ആളുകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കാലുകള്‍ കൂട്ടിക്കെട്ടി ചുറ്റികയുപയോഗിച്ച് അടിക്കുന്നതിനു മുന്‍പ് ഒരു കുട്ടിയുടെ തലയില്‍ കോണ്‍ക്രീറ്റ് ഇടുന്നതും കാണിക്കുന്നുണ്ട്. വേദനകൊണ്ടു പുളയുന്ന കുട്ടികള്‍ ട്രക്കിനുപിന്നില്‍ക്കിടന്നു പ്രതിരോധിക്കാനാകാതെ അരുതെന്നു പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. കുട്ടികളുടെ തലയില്‍ തോക്കുകൊണ്ടും അടിക്കുന്നുണ്ട്. കുടുംബത്തിലെ ആരെങ്കിലും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടോയെന്നും കുട്ടികളോടു സൈനികര്‍ ചോദിക്കുന്നുണ്ട്.

ഐഎസിന്റെ കൈവശമുള്ള മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനാണ് ഇറാഖ് സേന യുദ്ധം ചെയ്യുന്നത്. യുദ്ധം പ്രതീക്ഷിച്ചതിലും വേഗം മുന്നോട്ടുപോകുകയാണെന്നാണ് ഇറാഖ് സര്‍ക്കാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *