2500 രൂപ നല്കിയാല് വിമാനയാത്ര സാധ്യമാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രകാശനം ചെയ്തു. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. ഇതിനായി ഒരു വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും. ജനുവരി മുതല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട് ആളുകള്‍ക്കു യാത്രചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
വലിയ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളില്‍ നിന്ന് ഒരു തുക ഈടാക്കിയാണ് പദ്ധതിക്കുള്ള പണം കണ്ടെത്തുക. ഇത് വളരെ ചെറിയ തുകയായിരിക്കുമെന്ന് ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബേ പറഞ്ഞു. എന്നാല്‍ നിലവിലുള്ള എയര്‍ലൈനുകള്‍ വീണ്ടും ഒരു ഫീസ് കൂടെ ഈടാക്കാനുള്ള ശ്രമത്തെ എതിര്‍ത്തിരുന്നു.
മറ്റൊരു രീതിയില്‍ പദ്ധതിക്കായി ഫണ്ട് കണ്ടെത്തണമെന്നാണ് എയര്‍ലൈനുകളുടെ ആവശ്യം.
ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും ഇപ്രകാരം കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക. ശേഷിക്കുന്ന സീറ്റുകളിലെ നിരക്ക് തിരക്കിനനുസരിച്ച് കൂടിയും കുറഞ്ഞുമായിരിക്കും. ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്ബനികള്‍ക്ക് സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കും. നിലവില്‍ ബിക്കാനീര്‍, ജയ്സാല്‍മീര്‍, ഭാവ്നഗര്‍, ജാംനഗര്‍, ഭാട്ടിന്‍ഡ്യ, അലഹബാദ്, ആസാമിലെ ജോര്‍ഹട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
