അഖിലേഷിന് അധികാരം തലക്ക് പിടിച്ചെന്ന് മുലായം

ശിവ്പാല്‍ യാദവിനെയും അമര്‍ സിങ്ങിനേയും കൈവിടില്ല . അഖിലേഷിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ തുടരാം

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി കടന്നുപോകുന്ന പ്രതിസന്ധിയില്‍ മകന്‍ അഖിലേഷ് യാദവിന് മുലായം സിങ് യാദവിന്റെ വിമര്‍ശം.

അഖിലേഷിന് അധികാരം തലക്ക് പിടിച്ചിരിക്കുകയാണെന്നും പാര്‍ട്ടിക്കുവേണ്ടി ശിവിപാല്‍ യാദവ് നടത്തിയ പരിശ്രമങ്ങളെ മറക്കാന്‍ തനിക്ക് സാധിക്കില്ലെന്നും മുലായം സിങ് പറഞ്ഞു. അമര്‍ സിങിനെ കൈവിടില്ലെന്നും അയാളുടെ എല്ലാ തെറ്റുകള്‍ക്കും താന്‍ മാപ്പ് നല്‍കിയതാണെന്നും മുലായം പറഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോള്‍ മദ്യപാനികളും ഗുണ്ടകളുമാണുള്ളതെന്നും മുലായം വിമര്‍ശമുന്നയിച്ചു.

ശിവ്പാല്‍ യാദവിനെയും അമര്‍ സിങിനേയും കൈവിടില്ലെന്നും അഖിലേഷിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ തുടരാമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് മുലായം നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി കടന്നുപോകുന്നത് വലിയ പ്രതിസന്ധിയില്‍ കൂടിയാണെന്ന് പറഞ്ഞ മുലായം ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളില്‍ താന്‍ ദുഖിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ദൗര്‍ബല്യങ്ങള്‍ക്കെതിരെ പോരാടുന്നതിന് പകരം നമ്മള്‍ പരസ്പരം പോരടിക്കുന്നു. യുവാക്കള്‍ക്ക് മറ്റാരും നല്‍കാത്ത പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഞാനൊരു ദുര്‍ബലനല്ലെന്നും യുവാക്കള്‍ തന്നോടൊപ്പമില്ലെന്ന് കരുതരുതെന്നും മുലായം പറഞ്ഞു.

വിമര്‍ശങ്ങളെ നേരിടാത്തവര്‍ക്ക് നേതാവാകാന്‍ സാധിക്കില്ല. ചില മന്ത്രിമാര്‍ മുഖസ്തുതിക്കാര്‍ മാത്രമാണ്. വിശാലമായി ചിന്തിക്കാന്‍ കഴിയാത്തവര്‍ക്ക് മന്ത്രിയാകാന്‍ സാധിക്കില്ലെന്നും മുലായം പറഞ്ഞു. അതിനിടെ വിമര്‍ശനങ്ങള്‍ കടുത്തതോടെ അഖിലേഷ് യാദവ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *