ഇടത് സര്‍ക്കാര്‍ വാക്ക് പാലിച്ചു

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 56 ഹെക്ടര്‍ തരിശ് നിലത്ത് കൃഷിയിറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇടതു മുന്നണി സര്‍ക്കാറിന്റ ആദ്യ മന്ത്രിസഭാ യോഗ തീരുമാനമായിരുന്നു ആറന്മുള വിമാന താവള പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുക എന്നത്. പ്രാരംഭഘട്ടമെന്ന നിലയില്‍ 56 ഹെക്ടര്‍ പാടത്താണ് നെല്‍കൃഷി ചെയ്യുന്നത്.

ഉദ്ഘാടനത്തിന്റെ തുടര്‍ച്ചയായി വിമാനത്താവള പദ്ധതി പ്രദേശത്ത് പൂര്‍ണ്ണമായും കൃഷിയിറക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് കൃഷിവകുപ്പ് പറയുന്നത്. നിലവില്‍ കര്‍ഷകരുടെ കൈയ്യിലുള്ള നിലങ്ങളിലായിരിക്കും ആദ്യം നെല്‍കൃഷി ചെയ്യുന്നത്. മന്ത്രിമാരായ വിഎസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, മറ്റു ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കൃഷിമന്ത്രി നേരിട്ടെത്തി ആറന്മുളയിലെത്തി നിലമൊരുക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും കൃഷിയിറക്കല്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി സ്‌പെഷ്യല്‍ ഓഫീസറിനെയും നിയമിച്ചിരുന്നു. പ്രാരംഭഘട്ടമെന്ന നിലയില്‍ 56 ഹെക്ടര്‍ പാടത്താണ് ഇപ്പോള്‍ നെല്‍കൃഷി ചെയ്യുന്നത്. വിവാദമായ ആറന്‍മുള വിമാനത്താവള പദ്ധതി ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് പദ്ധതിക്കെതിരേ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്നത്. ആറന്‍മുള പൈതൃക ഗ്രാമകര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിമാനത്താവളത്തിന് അനുകൂല നിലപാടായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അതേസമയം പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്ന് പിണറായി സര്‍ക്കാര്‍ ഒരു മാസം മുന്‍പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയെങ്കിലും അനുമതികള്‍ പിന്‍വലിക്കാനുളള നടപടിക്രമങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *