അബൂബക്കര്‍ സിദ്ദീഖിയോ?

മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന് പിന്നില്‍ അല്‍ ഉമ്മ തലവന്‍ അബൂബക്കര്‍ സിദ്ദീഖിയെന്ന് സംശയം. കൊല്ലം, ചിറ്റൂര്‍, മൈസൂര്‍ സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്‍ പഴയ അല്‍ഉമ്മ പ്രവര്‍ത്തകനായ ഇയാളാണെന്ന നിരീക്ഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. തമിഴ്‌നാട് നാഗപ്പട്ടണം സ്വദേശിയായ സിദ്ദിഖിയുടെ വീട് കേരളത്തില്‍നിന്നുള്ള പ്രത്യേക അന്വേഷണം സംഘം പരിശോധിച്ചു. സിദ്ദിഖി എവിടെന്ന്് അറിയില്ലെന്നും വീടുമായി ബന്ധമില്ലെന്നുമാണു ഭാര്യ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

അമോണിയം നൈട്രേറ്റ് ഉപയോഗിച്ചു മലപ്പുറത്തും കൊല്ലത്തും ഉള്‍പ്പടെ നടന്ന ചെറു സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ പഴയ അല്‍ഉമ്മ തലവന്‍ അബൂബക്കര്‍ സിദ്ദിഖിയാണെന്നു വ്യക്തമായ സൂചനകളാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ബെംഗളൂരൂ ഓഫിസ് സ്‌ഫോടനത്തിനുശേഷം ഒളിവിലായ അബൂബക്കര്‍ സിദ്ദിഖി ദ ബേസ് മൂവ്‌മെന്റ് എന്ന പേരിലുള്ള പുതിയ സംഘടനയിലൂടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

കൂടൂതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം സ്വദേശമായ നാഗപ്പട്ടണത്ത് എത്തി വീട്ടില്‍ പരിശോധനകള്‍ നടത്തി. എന്നാല്‍ ഏറെക്കാലമായി വീടുമായി ബന്ധമില്ലെന്ന മൊഴിയാണു ഭാര്യ അന്വേഷണ സംഘത്തിനു നല്‍കിയത്. 55 വയസോളം പ്രായം വരുന്ന അബൂബക്കര്‍ സിദ്ദിഖി സൗദിയിലിരുന്നാണു പദ്ധതികള്‍ ആസുത്രണം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കര്‍ണാടകയിലെ ഉടുപ്പിയില്‍നിന്നാണ് അമോണിയം നൈട്രേറ്റ് സംഘടനയ്ക്കു ലഭിക്കുന്നതെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ വളപ്പിലെ സ്‌ഫോടനം നടന്ന സ്ഥലം എഡിജിപി ബി.സന്ധ്യ സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം സിവില്‍ സ്‌റ്റേഷനിലെ വിവിധ സ്ഥലങ്ങള്‍ അവര്‍ നടന്നുകണ്ടു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ സ്‌ഫോടന സമയത്തു സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങിലും എടിഎമ്മുകളിലുംനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നഗരത്തിലേക്കു വന്നുപോയ രണ്ടരലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *