ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും തടസപ്പെടുത്തി. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകാതിരുന്നതോടെ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്നും എണീറ്റ് പ്രതിഷേധം തുടങ്ങി. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി സഭയില്‍ ഹാജരായി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് മല്ലിഖാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങിയെങ്കിലും പ്രധാനമന്ത്രി സഭയില്‍ ഹാജാരാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തുകയായിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സഭയില്‍ ഹാജരാകാത്തത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.
