അസാധു നോട്ടുകള്‍ ഇന്നുകൂടി

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ പെട്രോള്‍ പമ്പുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നുകൂടി മാത്രമേ സ്വീകരിക്കൂ. പഴയ നോട്ടുകള്‍ ഈ മാസം 15 വരെ പെട്രോള്‍ പമ്പിലും വിമാനത്താവളത്തിലും ഉപയോഗിക്കാമെന്നു നവംബര്‍ 24നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ കാലാവധി റിസര്‍വ് ബാങ്ക് വെട്ടിച്ചുരുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ ഇവിടങ്ങള്‍ ഉപയോഗിക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണിത്. എന്നാല്‍, ഈ മാസം 15 വരെ കേന്ദ്ര—സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും കോളജുകളിലും 2,000 രൂപ വരെയുള്ള ഫീസുകള്‍ പഴയ 500 നോട്ടുകളുപയോഗിച്ച് അടയ്ക്കാം. 500 രൂപ വരെയുള്ള മൊബൈല്‍ ഫോണ്‍ ടോപ് അപ്പിനും വൈദ്യുതി, വെള്ളം തുടങ്ങിയ ഉപഭോക്തൃ സേവനങ്ങള്‍ക്കും ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലും പഴയ നോട്ടുകള്‍ ഉപയോഗിക്കാം. ഈ സേവനങ്ങളുടെ ബില്ലും കുടിശികയും അടയ്ക്കാന്‍ പഴയനോട്ടുകള്‍ ഉപയോഗിക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം എട്ടിനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത്. ഇതേതുടര്‍ന്ന് ശമ്പളമടക്കമുള്ള, 24000നു മുകളിലുള്ള തുകകള്‍ പിന്‍വലിക്കാന്‍ ജനങ്ങള്‍ക്കു കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *