ചെന്നൈ-തമിഴ് രാഷ്ട്രീയത്തില്‍ ജയലളിതയുടെ പിന്‍ഗാമി ആരാകും? പുതിയ മുഖ്യമന്ത്രി പനീര്‍ശെല്‍വമോ അതോ ജയയുടെ തോഴിയായിരുന്ന ശശികലയോ? ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ പോന്ന നേതാവില്ല എന്നതാണ് എഐഎഡിഎംകെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.വികെ ശശിരല നടരാജന്‍ എന്ന തോഴി തന്നെ പാര്‍ട്ടിയുടെ സ്റ്റിയറിങ്ങ് പിടിക്കുമെന്നാണ് കരുതുന്നത്.വിവിധ കേസുകളില്‍ ജയലളിതക്കൊപ്പം ശശികലയും ജയില്‍വാസം അനുഭവിച്ചിരുന്നു.
എം.ജി.ആറിന്റെ കാലത്ത് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂര്‍ ജില്ല കലക്ടറായിരുന്ന വി.എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വീഡിയോ കാസറ്റ് വില്‍പന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവന്‍ പരിപാടികളുടെ വീഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു. അങ്ങനെയാണ് ആ ബന്ധം ശക്തിയാര്‍ജിച്ചത്.
ഭരണ തലത്തിലും സംഘടനാ തലത്തിലും സ്വന്തക്കാരെ തിരുകി കയറ്റാന്‍ ശശികല എന്നും ശ്രമിച്ചിരുന്നു.ടി.ടി.വി. ദിനകരന്‍, വി.എന്‍. സുധാകരന്‍, വി. ഭാസ്‌കരന്‍ തുടങ്ങിയവരുള്‍പ്പെട്ട ഈ സംഘമാണ് പിന്നീട് ‘മന്നാര്‍ഗുഡി മാഫിയ’ എന്ന പേരിലറിയപ്പെട്ടത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പനീര്‍സെല്‍വത്തെ നിര്‍ദേശിച്ചതും ശശികല ആയിരുന്നു.
2011 ഡിസംബറില്‍ ശശികല, ടി.ടി.വി. ദിനകരന്‍ ഉള്‍പ്പെടെ 13 പേരെ സംഘടനയില്‍നിന്നും അധികാര കേന്ദ്രങ്ങളില്‍നിന്നും ജയലളിത പുറത്താക്കിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഭരണത്തിലും സംഘടനയിലും ഇവര്‍ പിടിമുറുക്കുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് 2012 മാര്‍ച്ചില്‍ ശശികല വീണ്ടും ജയക്കൊപ്പം തിരിച്ചെത്തി.
