ലുധിയാന: നോട്ട് നിരോധനത്തിന്റെ ദുരിതത്തില്‍ ജനങ്ങള്‍ വലയുന്നത് തുടരുന്നതിനിടെ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയ നടപടിയില്‍ രക്തസാക്ഷികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഏറ്റവും ഒടുവിലായി പഞ്ചാബില്‍ നിന്നാണ് നോട്ട് നിരോധനത്തിന്റെ ഇര സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
മകളുടെ കല്യാണത്തിനു വേണ്ടി പണമെടുക്കാന്‍ ബാങ്കിനു മുമ്ബിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന സ്ത്രീ ബാങ്കിലെ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് ആശാറാണി എന്ന സ്ത്രീയുടെ മരണത്തിന് കാരണമായത്. 48 വയസ്സായിരുന്നു.
മരണം സംഭവിച്ചതിനെ തുടര്‍ന്ന് മൃതദേഹവുമായി ബാങ്കിനു മുമ്ബിലെത്തിയ ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും സമീപത്തെ റോഡ് ഉപരോധിക്കുകയും ചെയ്തു.
ഉപരോധത്തെ തുടര്‍ന്ന് ബാങ്കിനു മുന്നില്‍ സംഘര്‍ഷവും ഉണ്ടായി.
സംമരാല ചൗക്കിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് വന്നതായിരുന്നു ആശാറാണി. രാവിലെ 11.30ക്കാണ് ഉന്തുതള്ളും സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനവുമുണ്ടായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സംമരാല ചൗക്ക് പോലീസ് അറിയിച്ചു.
മരിച്ച ആശാ റാണി വിധവയായിരുന്നു, ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ഫെബ്രുവരിയില്‍ നിശ്ചയിച്ചിരിക്കുന്ന മകളുടെ വിവാഹാവശ്യങ്ങള്‍ക്കായി പണമെടുക്കാനെത്തിയതായിരുന്നു ആശാറാണി.
