ആര്‍. ശ്രീലേഖയ്ക്ക് എതിരായ നടപടി: ചീഫ് സെക്രട്ടറിക്ക് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍.ശ്രീലേഖക്കെതിരായ നടപടി വൈകിപ്പിച്ചെന്ന പരാതിയില്‍ ചിഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണു വിമര്‍ശനം. രണ്ടു ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതുകൊണ്ടാണ് അന്വേഷണം വൈകിയതെന്ന ചീഫ് സെക്രട്ടറിയുടെ വാദം കോടതി തള്ളി. ഈ മറുപടി തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ അധികാരദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്നാണു ശ്രീലേഖക്കെതിരായ പരാതി. ശ്രീലേഖക്കെതിരെ ഗതാഗതമന്ത്രി നല്‍കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പൂഴ്ത്തിയെന്നാണ് ആരോപണം. ശ്രീലേഖക്കെതിരെ വിജിലന്‍സിന്റെ ത്വരിതപരിശോധനയും നടക്കുന്നുണ്ട്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവര്‍ത്തനങ്ങളിലെ സാമ്ബത്തിക ക്രമക്കേടുകള്‍, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വകുപ്പിനു വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് തുടങ്ങി നിരവധി ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷണത്തിനു ആധാരമായി ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

സ്ഥലംമാറ്റത്തിലൂടെ ആര്‍.ശ്രീലേഖ ഗതാഗത കമ്മിഷണറായിരുന്ന കാലയളവില്‍ സാമ്ബത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഫയല്‍ 2016 ജൂലൈ 25ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ. ശശീന്ദ്രനു കൈമാറുകയായിരുന്നു. സെക്രട്ടറിയുടെ ഫയല്‍ ഗതാഗതമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കൈമാറി. നാലു മാസമായിട്ടും ഫയലില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുത്തില്ല.

കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ഗതാഗത കമ്മിഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിയാണു അന്വേഷണം നടത്തിയത്. നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള അതീവ രഹസ്യം എന്നു രേഖപ്പെടുത്തിയ ഫയല്‍ തച്ചങ്കരി ഗതാഗത സെക്രട്ടറിക്കു കൈമാറുകയായിരുന്നു. ഈ ഫയലാണ് അന്വേഷണം ആവശ്യപ്പെട്ടു മന്ത്രി ചീഫ് സെക്രട്ടറിക്കു കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *