ന്യൂഡല്‍ഹി നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റ് ചര്‍ച്ചയില്‍ വീണ്ടും പ്രതിസന്ധി. കേന്ദ്രസര്‍ക്കാരിന്റെ സമവായ നിര്‍ദേശം പ്രതിപക്ഷം തള്ളി. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമിതി ആരോപണത്തിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തടസപ്പെടുത്തി. ശക്തമായ ബഹളത്തെ തുടര്‍ന്ന് 12 മണിവരെ ലോക്സഭ നിര്‍ത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ബഹളം. പാര്‍ലമെന്റ് സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുണ്ടാകുമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് മോദി മറുപടി നല്‍കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു.
കേന്ദ്രധനമന്ത്രിയെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ അനുവദിക്കില്ല, നോട്ടു വിഷയത്തില്‍ വോട്ടിങ് വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും പ്രതിപക്ഷം നിലപാടെടുത്തു.
രാജ്യസഭയിലും ബഹളം തുടര്‍ന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു 540 കോടി രൂപയുടെ അഴിമതി നടത്തിയെന്നും വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. മുഴുവന്‍ അംഗങ്ങളോടും ഹാജരാകാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവിടെ എത്തിയിരിക്കുന്നത് സംസാരിക്കാന്‍ ആണെന്നും അതിന് സര്‍ക്കാര്‍ അനുവദിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണമെന്നും പാര്‍ലമെന്റില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
