തലയോലപ്പറമ്പ്: എട്ടു വര്‍ഷം മുന്‍പു കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ ഉള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ കെട്ടിടത്തിന്റെ ഉള്‍വശം പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജാക്ക് ഹാമര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ തറ പൊളിക്കുന്നത്. ഗൃഹനാഥന്റെ കൊലയ്ക്കു പിന്നില്‍ മാസങ്ങള്‍ക്കു മുമ്പ് കള്ളനോട്ടുകേസില്‍ പ്രതിയായ അനീഷും സുഹൃത്തുക്കളുമാണെന്ന് പോലീസ് കണ്ടെത്തി. എട്ടുവര്‍ഷം മുമ്പ് കാണാതായ തലയോലപ്പറമ്പ് കാലായില്‍ മാത്യു(53)വിന്റെ തിരോധാനമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. 2008 നവംമ്പര്‍ 25ന് വൈകുന്നേരം 4.30ന് മക്കളെ സ്‌കൂളില്‍ നിന്നും വീട്ടില്‍കൊണ്ടു വിട്ടശേഷം സ്വന്തം കാറുമായി പുറത്തേയ്ക്കിറങ്ങിയ ഇദ്ദേഹം പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഏറെ വൈകിയും കാണാതെ വന്നതോടെ നാട്ടുകാരും ബന്ധുക്കളും പോലീസും നടത്തിയ തെരച്ചിലില്‍ പള്ളികവലയ്ക്കു സമീപം ഉപേഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. അനീഷ് പള്ളികവലയ്ക്കു സമീപം സ്റ്റിക്കര്‍വര്‍ക്ക് നടത്തിയിരുന്ന സ്ഥാപനത്തിലേയ്ക്ക് മാത്യുവിനെ വിളിച്ചുവരുത്തി കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി കടയുടെ പിന്നില്‍ കുഴിച്ചുമൂടിതായാണ് അനീഷ് പോലീസിനു നല്‍കിയ മൊഴി. വൈക്കം തഹസില്‍ദാരും വന്‍പോലീസ് സംഘവും സ്ഥലത്തിയിട്ടുണ്ട്.
