കരസേനാ മേധാവി നിയമനം വിവാദത്തില്‍

ന്യൂഡല്‍ഹി : മൂന്ന് പേരുടെ സീനിയോറിറ്റി മറികടന്നാണ് പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ  ആരോപണം. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചുവെന്നതിനാലാണ് ജനറല്‍ ബിപിന്‍ റാവത്തിനെ തിരഞ്ഞെടുത്തതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.

കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ബി.എസ്.നേഗി എന്നിവരെ ഒഴിവാക്കിയാണ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി കാരണം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

പി.എം.ഹാരിസിനെ നിയമിച്ചിരുന്നെങ്കില്‍ കരസേന മേധാവിയാകുന്ന ആദ്യ മുസ്്‌ലിം ആകുമായിരുന്നെന്നും എന്നാല്‍ മോദിക്ക് അതിനോട് താല്‍പര്യമില്ലെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് ഷെഹ്്‌സാദ് പൂനാവാല ട്വിറ്ററില്‍ ആരോപിച്ചു.

അതേസമയം, യുദ്ധസമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജനറല്‍ ദല്‍ബീര്‍ സിങ്, ഈ മാസം 31 ന് വിരമിക്കുന്നതിന്റെ ഒഴിവിലേക്കാണ് നിലവില്‍ കരസേന വൈസ് ചീഫ് ആയ ജനറല്‍ ബിപിന്‍ റാവത്തിനെ മേധാവിയായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *