കണ്ണൂര്‍: മന്ത്രിയായിരിക്കെ കെ.സി.ജോസഫ് എംഎല്‍എ വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചിട്ടില്ലെന്നു വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് നല്കി. ഇരിട്ടിയിലെ എ.കെ.ഷാജി നല്കിയ പരാതിയില്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, പരാതി ബോധിപ്പിക്കാന്‍ ജനുവരി 12 വരെ സമയം നല്കി.
2011 മാര്‍ച്ചിനും 2016 ഏപ്രിലിനുമിടയില്‍ വരുമാനത്തേക്കാള്‍ കുറവാണു കെ.സി.ജോസഫിന്റ സമ്പാദ്യമെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികയില്‍ കെ.സി.ജോസഫ് മകന്റെ വരുമാനം ഉള്‍പെടുത്തിയതു മൂലമുണ്ടായ ആശയക്കുഴപ്പമാണു പരാതിക്ക് അടിസ്ഥാനമെന്നു വിജിലന്‍സ് കണ്ടെത്തി. നാലു വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന മകന് അശോക് ജോസഫിന്റെ വരുമാനം ആശ്രിതന് എന്ന കോളത്തില്‍ ഉള്‍പെടുത്തിയിരുന്നു.
കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി കെ.കെ.സുനില്ബാബുവാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെ.സി.ജോസഫിനു വരുമാനത്തില്‍ കവിഞ്ഞ സ്വത്തില്ലെന്നു നേരത്തെ വിജിലന്‍സ് എസ്പി പി.എ.വത്സലനും വിജിലന്‍സ് കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ പരാതിക്കാരന് എതിര്‍പ്പു രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണു വീണ്ടും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
