ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന യാത്രക്കാരെ അവശ്യഘട്ടങ്ങളില്‍ നിയന്ത്രിക്കാന്‍ പ്ലാസ്റ്റിക് കൈവിലങ്ങുകള്‍ ആഭ്യന്തര വിമാനങ്ങള്‍ അടക്കമുള്ളവയില്‍ കരുതുമെന്ന് എയര്‍ഇന്ത്യ. ദിവസങ്ങള്‍ക്കിടെ രണ്ട് വനിതകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടര്‍ന്നാണ് തീരുമാനം.
രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സൂക്ഷിക്കാറുള്ള ഇത്തരം ഉപകരണങ്ങള്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലും സൂക്ഷിക്കുമെന്ന് എയര്‍ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമെ കൈവിലങ്ങുകള്‍ അടക്കമുള്ളവ ഉപയോഗിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍നിന്ന് അമേരിക്കയിലേക്കുപോയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയെ സഹയാത്രികന്‍ കടന്നുപിടിച്ചിരുന്നു. ഡിസംബര്‍ 21 നായിരുന്നു സംഭവം. അതിക്രമം കാട്ടിയ യാത്രക്കാരനെ ജീവനക്കാര്‍ പോലീസിന് കൈമാറിയിരുന്നു. പിന്നാലെ ജനുവരി രണ്ടിന് മസ്‌ക്കറ്റ് ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസിന് നേരെയും ലൈംഗിക അതിക്രമം ഉണ്ടായി. ഇതോടെയാണ് സുരക്ഷ ഉറപ്പുവരുത്താനുള്ള തീരുമാനം.
