കണ്ണൂര്‍: 57ാം കേരള സ്‌കൂള്‍ കലോല്‍സവത്തിലെ വിജയികള്‍ക്കായി ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കണ്ണൂരിലെത്തി. നിലവിലെ ജേതാക്കളായ കോഴിക്കോടിന്റെ ട്രഷറിയില്‍ നിന്ന് ഘോഷയാത്രയായി കണ്ണൂര്‍ ജില്ലാ അതിര്‍ഥിയില്‍ നിന്ന് സ്വാഗതസംഘം ചെയര്‍മാനായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തല്‍ ഏറ്റുവാങ്ങിയ കപ്പ് കണ്ണൂരിലെ വേദികള്‍ വലയം ചെയ്ത് ട്രഷറിയില്‍ സൂക്ഷിക്കും.132.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് കൗമാരകലയുടെ ജേതാക്കളിലേക്ക് ജനുവരി 21 എത്തും.
പ്രകൃതിസൗഹൃദ ഗ്രീന്‍പ്രൊട്ടോകോള്‍ സംവിധാനങ്ങളോടെനദികളുടെ പേരിലറിയപ്പെടുന്ന 20 വേദികളാണ് കലോത്സവത്തിന് സജ്ജമായിട്ടുള്ളത്.
ജനുവരി 16ന് രാവിലെ 9.30ന് പ്രധാനവേദിയായ പൊലീസ് മൈതാനിയില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ ഏഴു രാപ്പകലുകള്‍ കണ്ണൂരിനെ കേന്ദ്രീകരിക്കും. 16ന് വൈകീട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമാമാങ്കത്തിന് തിരികൊളുത്തും. വൈകീട്ട് വര്‍ണാഭമായ ഘോഷയാത്ര നടക്കും. 57 കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കുന്ന സ്വാഗതഗാനം പ്രധാന ആകര്‍ഷണമാണ്.
20 വേദികളായി 232 ഇനങ്ങളില്‍ 12,000 പ്രതിഭകളാണ് മാറ്റുരക്കുന്നത്.
