കോഴിക്കോട്: ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം എഴുത്തുകാരന്‍ കമല്‍സി ചവറ പൊതുജനമധ്യത്തില്‍ കത്തിച്ചു. കോഴിക്കോട് മാനഞ്ചിറക്കടുത്ത് ഇന്ന് വൈകുന്നേരമാണ് അദ്ദേഹം തന്റെ കൃതി ‘ശ്മശാനങ്ങളുടെ നോട്ട്’ കത്തിച്ചത്. മനുഷൃാവകാശ പ്രവര്‍ത്തകരെയും മാധൃമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പുസ്തകം കത്തിച്ച കമല്‍സി ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ എഴുത്ത് നിര്‍ത്തുമെന്ന് പ്രഖൃാപിച്ചു.
ഡി.ജി.പി കളവ് പറയുകയാണെന്നും തനിക്കും നദീറിനുമെതിരെ പൊലീസ് വേട്ട തുടരുന്നുണ്ടെന്നും കമല്‍ പറഞ്ഞു. എഴുത്തുകാരന്‍ സകറിയ ഒഴികെ സാംസ്‌കാരികരംഗത്ത് നിന്നൊരാളും തന്റെ കാര്യത്തില്‍ പ്രതികരിച്ചില്ലെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.
വീട്ടിലെ അമ്മക്കും ഹൃദ്രോഗിയായ അച്ചനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. വീട്ടില്‍ ഇന്റലിജന്‍സ് കയറി ഇറങ്ങുകയും വീട്ടുകാരെ ഭയപെടുത്തുകയും ചെയ്യുന്നു. ഇതിനാലാണ് പുസ്തകം കത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
