നേരിട്ട് നോട്ട് നല്‍കി ഭൂമി വാങ്ങിയവര്‍ കുടുങ്ങും

കൊച്ചി: നേരിട്ട് നോട്ടുനല്‍കിയുള്ള സ്വത്തിടപാടുകളില്‍ ആദായനികുതിവകുപ്പ് പിടിമുറുക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയുളള ഇടപാടുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ വകുപ്പ് തീരുമാനിച്ചു. ചെക്ക്, ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍നടത്താവൂവെന്ന നിയമം ലംഘിച്ചവരെ പിടികൂടുന്നതിനാണ് നടപടി കര്‍ക്കശമാക്കുന്നത്.
നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ വന്‍കിട ഭൂമിയിടപാടുകളെല്ലാം പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമത്തിന് വിരുദ്ധമായി നോട്ട് സ്വീകരിച്ച് 20,000 രൂപയ്ക്കുമുകളില്‍ ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍, പിഴ അടയ്‌ക്കേണ്ടിവന്നേക്കാം.

2015 ജൂണ്‍ ഒന്നിനാണ് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്എസ് ഭേദഗതി നിലവില്‍ വന്നത്. ഇതിനുശേഷം രജിസ്റ്റര്‍ചെയ്ത ആധാരങ്ങളാണ് പരിശോധിക്കുക.ഭേദഗതി പ്രകാരം 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ നോട്ടുവഴി നടത്തരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി, വീട്, ഫ്‌ലാറ്റ് തുടങ്ങിയ സ്ഥാവരവസ്തുകള്‍ വില്‍ക്കുമ്‌ബോള്‍ ഈ നിയമം ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ എടുത്തുപറയുന്നു.പിഴ അടപ്പിക്കാന്‍ തീരുമാനിച്ചാല്‍ വന്‍കിടക്കാരും സാധാരണക്കാരുമായ ഒട്ടേറെപ്പേര്‍ കുടുങ്ങും.

ഭൂമി ഇടപാടുകളില്‍ അഡ്വാന്‍സ് തുക കഴിച്ചുള്ള ബാക്കി മുഴുവന്‍ തുകയും രൊക്കമായി കൈപ്പറ്റിയെന്ന് എഴുതി നല്‍കിയാണ് ഇപ്പോഴും രജിസ്‌ട്രേഷനുകളധികവും നടക്കുന്നത്. ഇത് നിയമപ്രകാരം തെറ്റാണ്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജില്ലയിലെ സബ് രജിസ്ട്രാര്‍മാര്‍ക്ക് ആദായനികുതിവകുപ്പ് ഇതുസംബന്ധിച്ച ക്ലാസ് നല്‍കിയിരുന്നു. ഇടപാടുകള്‍ കര്‍ശനമായി ബാങ്ക് മുഖേനയാക്കാനും നിര്‍ദേശിച്ചു. ഇതിനുശേഷം ചില രജിസ്റ്റര്‍ ഓഫീസുകളില്‍ 20,000 രൂപയ്ക്കുമുകളില്‍ നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ വിലക്കി. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ പരാതികളെത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വീണ്ടും പഴയരീതിയിലാക്കി. 20,000 രൂപയ്ക്കുമുകളില്‍ പണമായി നേരിട്ട് സ്വീകരിച്ച് ഇടപാട് നടത്തിയവര്‍ക്ക് കനത്ത പിഴയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 20,000 രൂപയ്ക്കുമുകളില്‍ സ്വീകരിച്ച തുകയ്ക്ക് തുല്യമായ പിഴ അടയ്‌ക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *