ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ തമിഴ്നാട്ടിലുണ്ടായ വ്യാപകമായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന് സൂചന.
ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കിയേക്കുമെന്നാണ് വിവരം. ഇതിനായി തിരക്കു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. രണ്ട് ദിവസത്തിനകം ജെല്ലിക്കെട്ട് നടത്താനാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം പറഞ്ഞത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഈ ഉറപ്പു ലഭിച്ചതുകൊണ്ടാണെന്നാണ് വിവരം.
തങ്ങള്‍ പ്രശ്നപരിഹാരത്തിനായി പരിശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, അനില്‍ ദാവെ എന്നിവര്‍ വ്യക്തമാക്കി.
തമിഴ്നാട് ഭരണകക്ഷിയായ എഐഎഡിഎംകെ എംപിമാര്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഇന്ന് വൈകുന്നേരം തന്നെ ജെല്ലിക്കെട്ട് നടത്തുന്നതിനായുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപപതിയുടെ മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. ഇക്കാര്യം പനീര്‍ശെല്‍വം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിട്ടുണ്ട്. അതിനിടെ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് എഐഎഡിഎംകെ എംപിമാര്‍ രാഷ്ട്രപതിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി തമിഴ് സിനിമാ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. കമല്‍ ഹാസന്, രജനികാന്ത്, ഹന്‍സിക, ശരത് കുമാര്‍ തുടങ്ങിയവരാണ് പുതിയതായി സമരരംഗത്ത് എത്തിയത്. നേരത്തെ പ്രശസ്ത ഗായകന് എ.ആര്. റഹ്മാന് ഉള്‍പ്പെടെ ഉള്ളവര്‍ ജെല്ലിക്കെട്ടിന് പിന്തുണ നല്‍കിയിരുന്നു.
അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം ഒരാഴ്ചത്തേക്ക് സുപ്രീംകോടതി നീട്ടിവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്. ഒരാഴ്ചത്തേക്ക് ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും പുറപ്പെടുവിക്കില്ലെന്നും കോടതി അറ്റോര്‍ണി ജനറലിനെ അറിയിച്ചു. കേസില്‍ വിധി പറയുമ്ബോള്‍ മൃഗപരിപാലനത്തിനൊപ്പം പാരമ്ബര്യം കൂടി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങളില്‍ തമിഴ്നാടുമായി ചര്‍ച്ച നടത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, ജല്ലിക്കെട്ട് നിരോധനത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം കൂടുതല്‍ കരുത്ത് പ്രാപിക്കുകയാണ്. ജല്ലിക്കെട്ടിന് പിന്തുണയുമായി നടികര്‍ സംഘം മറീന ബീച്ചിലെത്തി. നടന് രജനീകാന്തും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്ഥലത്തെത്തുമെന്നാണ് കരുതുന്നത്. എ.ആര് റഹ്മാന് നിരാഹര സമരവും അനുഷ്ഠിക്കുന്നുണ്ട്. പ്രതിഷേധത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അംബൂരിലെ വ്യാപാരികള്‍ കടകള്‍ അടച്ചു. ഹര്‍ത്താലിന്റെ പ്രതീതിയിലാണ് തമിഴ്നാട്. ട്രെയിന്‍ തടഞ്ഞ് സമരം നടത്തിയ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് അടക്കമുള്ളവരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. സംസ്ഥാന വ്യാപകമായി ഡി.എം.കെ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുകയാണ്. കനിമൊഴിയുടെ നേതൃത്വത്തില്‍ ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ ഉപരോധം നടന്നു.
ജെല്ലിക്കെട്ടിനായി ചെന്നൈ മറീന ബീച്ചില്‍ നടക്കുന്ന സമരം നാലാം ദിവസവും ശക്തമായി തുടരുകയാണ്. നിരോധനത്തിന് മുന്‍കൈയ്യെടുത്ത പെറ്റയെ നിരോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ട്രയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളും ഇപ്പോള്‍ അരങ്ങേറുന്നുണ്ട്.
