കൊച്ചി: പാക്കിസ്ഥാന്‍ വൈകാതെ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായി മാറുമെന്ന് കവി പ്രൊഫ.കെ.സച്ചിദാനന്ദന്‍. രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയുന്ന സ്വതന്ത്ര നിലപാടുള്ള കലാകാരന്മാരും എഴുത്തുകാരും ചിന്തകന്മാരുമെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സംഘപരിവാര്‍ കൂട്ടാളികളും പറയുന്ന സാഹചര്യത്തിലാണിത്. ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷ(എഐഐഇഎ)ന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ‘സംസ്‌കാരവും ജനകീയ ഐക്യവും’ സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എം.എഫ്.ഹുസൈനും അനന്തമൂര്‍ത്തിക്കും ശേഷം ഇപ്പോള്‍ ഷാരൂഖ് ഖാനും നന്ദിത ദാസും തുടങ്ങി കമല്‍ വരെ പാക്കിസ്ഥാനിലേക്കു പോകണമെന്നാണ് സംഘപരിവാര്‍ നിലപാട്.
സംസ്‌കാരത്തെക്കുറിച്ച് മിണ്ടിയാല്‍ ഷൂട്ട് ചെയ്യുമെന്ന ഗീബല്‍സിയന്‍ ഫാസിസ്റ്റ് സമീപനമാണ് ഇവരുടേതും. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പുയരണം. ആര്‍എസ്എസുകാരും ബിജെപിക്കാരും ഋഗ്വേദത്തിലേയും ഉപനിഷത്തിലേയും സാഹോദര്യവും നന്മയുമൊന്നും വായിച്ചിട്ടില്ല. പ്രതിലോമപരമായ കാര്യങ്ങളാണ് അവര്‍ ഏറ്റുപറയുന്നത്. നിരക്ഷരതയാണ് അവരുടെ പ്രശ്‌നം. അല്ലാത്തപക്ഷം അവര്‍ ഇങ്ങനെ പെരുമാറില്ല.
ഗാന്ധിജിയും പട്ടേലുമൊക്കെ ഇവരുടെ ഭീഷണിയിലാണ്. ചര്‍ക്ക ഉള്‍പ്പെടെ എല്ലാം മോദി ഏറ്റെടുക്കുന്നു. വലിയ കറന്‍സികളും പിന്‍വലിച്ചു. ഇനി കറന്‍സികളിലും മോദി സ്വന്തം പടം വയ്ക്കുമെന്ന് സച്ചിദാനന്ദന്‍ പരിഹസിച്ചു. മറ്റുമതക്കാര്‍ പ്രത്യേകിച്ചും മുസ്ലിംകള്‍ പുറമെ നിന്നുള്ളവരാണെന്ന് മുദ്രകുത്തി വെറുപ്പ് പടര്‍ത്തുകയാണ്. തങ്ങള്‍ക്കു ഹിതകരമല്ലാത്തതെല്ലാം വേണ്ടെന്ന ഇവരുടെ നിലപാടിന് തെളിവാണ് ഗോമാംസനിരോധനം.
വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തും. അസഹിഷ്ണുതയ്‌ക്കെതിരെ സാഹിത്യകാരന്മാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചത് പൊടുന്നനെയുള്ള സ്വാഭാവിക പ്രതികരണമായിരുന്നു. ഗൂഢാലോചനയെന്നും തെറ്റിദ്ധരിപ്പിക്കല്‍ എന്നുമൊക്കെയായിരുന്നു സര്‍ക്കാര്‍ അതിന് ഔദ്യോഗികമായി തന്നെ പഴിപറഞ്ഞത്. പുരുഷ മേധാവിത്വ പ്രചാരണവും അതിലുള്ള ആഘോഷവുമാണ് ഈ ഫാസിസ്റ്റുകളുടെ മറ്റൊരു മുഖമുദ്ര. പ്രധാനമന്ത്രിയുടെ നെഞ്ചുവിരിവിനെക്കുറിച്ചൊക്കെ നിര്‍ലജ്ജം പറയുന്നതതുകൊണ്ടാണ്. സ്ത്രീകളെ മാത്രമല്ല ദുര്‍ബല വിഭാഗങ്ങളെയാകെ അപമാനിക്കുകയും അപകീര്‍ത്തിയുണ്ടാക്കുകയും ചെയ്യുന്ന നടപടിയാണിത്.
ജീവിതത്തിന്റെയല്ല മരണത്തിന്റെ ആരാധകരാണ് സംഘപരിവാറുകാരെന്നും സച്ചിദാന്ദന്‍ പറഞ്ഞു. മറ്റുള്ളവരെ കൊല്ലുന്നത് ന്യായീകരിക്കാനാണ് അവര്‍ മരണത്തെ വാഴ്ത്തുന്നതും ആഘോഷിക്കുന്നതും. ഇതേവിധം തന്നെയാണ് ഐഎസ് ഭീകരരും മതത്തിന് വേണ്ടി മരിക്കൂ എന്ന് ആഹ്വാനം ചെയ്യുന്നത്. കേന്ദ്രത്തിനു കീഴിലുള്ള എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും തലപ്പത്ത് ബൗദ്ധിക തലത്തില്‍ വളര്‍ച്ച മുരടിച്ചവരാണ്. ഈ നിരക്ഷരരുടെ നിയമനത്തിലൂടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹനീയ കാഴ്ചപ്പാടുകളാണ് ബിജെപിയും കൂട്ടാളികളും ചേര്‍ന്ന് തകര്‍ത്തുതരിപ്പണമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമാനുള്ള ഖാന്‍, വി.രമേശ്, സതന്‍ജിബ് ദാസ്, കെ.വേണുഗോപാല്‍, ശ്രാവണ്‍ കുമാര്‍, നലവാഡെ, അശോക് തിവാരി, എ.കെ.ഭട്‌നാഗര്‍, എച്ച്.ഐ.ഭട്ട്, എന്‍.എം.സുന്ദരം, ബി.സന്യാല്‍, വി.ഗിരിജ, സി.രവീന്ദ്രനാഥന്‍ എന്നിവരും പങ്കെടുത്തു.
