ബംഗളുരു: കര്‍ണാടക മന്ത്രിയുടെ വീട്ടില്‍നിന്ന് 162 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. കര്‍ണാടക കോണ്‍ഗ്രസ് മന്ത്രിസഭാംഗം രമേശ് എല്‍.ജാര്‍ക്കിഹോലിയുടെയും ഭാര്യ ലക്ഷ്മി ആര്.ഹെബ്ബാറിന്റെയും ഉടമസ്ഥതയിലുള്ള വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണു രേഖകള്‍ പിടിച്ചെടുത്തത്. ബെല്‍ഗാം, ഗോകക്, ബംഗളുരു എന്നിവിടങ്ങളിലെ വീടുകളിലായിരുന്നു പരിശോധന. 41 ലക്ഷത്തിന്റെ പണവും 12.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഈ മാസം 19നായിരുന്നു പരിശോധന.
സിദ്ധരാമയ്യ മന്ത്രിസഭയില്‍ ചെറുകിട വ്യവസായ വകുപ്പാണ് രമേഷ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാണ് ലക്ഷ്മി. ഇരുവരും പഞ്ചസാര വ്യവസായത്തില്‍ സജീവമാണ്. പരിശോധനകളെകുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് രമേശ് ആരോപിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബിനാമി സ്വത്തുക്കളെക്കുറിച്ച് പരിശോധനയില്‍ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ കുടുംബാംഗങ്ങളടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ അനധികൃത നിക്ഷേപങ്ങള്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
