തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ അന്ത്യശാസനം

ന്യൂഡല്‍ഹി: ജൂണ്‍ മുപ്പതിനു മുമ്പ് പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്ത്യശാസനം. 2015 സെപ്റ്റംബറിനുശേഷം രണ്ടുതവണ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പട്ടിക സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നു കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇക്കാലയളവിലും സംഘടനാ ഭാരവാഹികളുടെ പട്ടിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്ത്യശാസനം നല്‍കിയത്. ജൂണ്‍ 30നു മുന്പ് സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ജൂലൈ 15നു മുന്പായി പട്ടിക സമര്‍പ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമാവലി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാവര്‍ഷവും സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് അഞ്ചു വര്‍ഷത്തിലൊരിക്കലാണ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു.

കൂടുതല്‍ സമയം അനുവദിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയതോടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്തേക്ക് ഉയരുമെന്ന് ഏറെക്കുറെ ഉറപ്പായി. മാര്‍ച്ച് എട്ടിനാണ് തെരഞ്ഞെടുപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *