ന്യൂഡല്‍ഹി: മുസ് ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു. ഇന്നാരംഭിച്ച പാര്‍ലമെന്റ് ബജറ്റ്? സമ്മേളനത്തിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്‌ട്രെക്ചറില്‍ ലോക്‌സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബോധരഹിതനായാണ് അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തെ മുന്‍പ് ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരില്‍ നിന്ന് ആര്‍.എം.എല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി ഇ. അഹമ്മദിനെ സന്ദര്‍ശിച്ചു.
മുസ് ലിം ലീഗിലെ മുതിര്‍ന്ന നേതാവായ ഇ. അഹമ്മദ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്. കഴിഞ്ഞ മന്‍മോഹന്‍ സിങ്് സര്‍ക്കാറില്‍ വിദേശകാര്യം, റെയില്‍വേ അടക്കമുള്ള വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിരുന്നു.
