തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ക്ക് തെളിവു ലഭിച്ച സാഹചര്യത്തിലാണ് ഒന്നാം പ്രതിയാക്കിയത്. അന്നത്തെ കൗണ്‍സില്‍ സെക്രട്ടറി ടെക്ഷി ഐഎഫ്എസ് രണ്ടാം പ്രതിയാണ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി റിപ്പോര്‍ട്ട് ശനിയാഴ്ച പരിഗണിക്കും.
ലോട്ടറി വില്പനയിലൂടെ സമാഹരിച്ച പണം കായിക വികസനത്തിന് വിനിയോഗിച്ചിട്ടില്ലെന്നത് ഉള്‍പ്പെടെ ഗുരുതര കണ്ടെത്തലുകളാണ് എഫ്ഐആറിലുള്ളത്. 2006ല്‍ കായിക മേഖലയുടെ വികസനത്തിനായി തുക സമാഹരിക്കുന്നതിനായി കൊണ്ടുവന്ന ലോട്ടറിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നെങ്കിലും കണക്കുകളോ രേഖകളോ സൂക്ഷിച്ചിട്ടില്ലെന്നും വിജിലന്‍സ് എഫ്ഐആറിലുണ്ട്.
